Thursday, June 21, 2012

ഹാരിപോട്ടറിന്‌ എതിരാളി...!


ഈ വാര്‍ത്ത കേട്ടാല്‍ വായന മരിച്ചെന്ന്‌ എങ്ങിനെ പറയാനാകും. ബ്രിട്ടനിലെ പുസ്‌തക പ്രേമികളില്‍ ഇപ്പോള്‍ സംസാരവിഷയം ചൂടന്‍ വിഷയം കൈകാര്യം ചെയ്യുന്ന ഫിഫ്‌റ്റി ഷേഡ്‌സ് ഓഫ്‌ ഗ്രേയാണ്‌. യുകെയിലെ പേപ്പര്‍ബാക്ക്‌ ഹിറ്റ്‌ ചാര്‍ട്ടില്‍ ആറാഴ്‌ചയായി ഒന്നാമതാണ്‌ പുസ്‌തകം. ഒമ്പതാഴ്‌ചയായി ബെസ്‌റ്റ് സെല്ലറുമാണ്‌.

ഒരാഴ്‌ച നടന്ന വില്‍പ്പന കാര്യത്തില്‍ റെക്കോഡ്‌ മറികടന്ന പുസ്‌തകം ഏഴ്‌ ദിവസം കൊണ്ട്‌ വില്‍പ്പന നടത്തിയത്‌ 100,000 കോപ്പികള്‍. അതായത്‌ ബ്രിട്ടനില്‍ ഇതുവരെ റെക്കോഡ്‌ നില നിര്‍ത്തിയിരുന്ന ഹാരിപോട്ടറിനേയും ട്വിലൈറ്റ്‌ സീരീസിനേയും മറികടന്ന്‌ മുന്നേറിയത്രേ. മൂന്ന്‌ പരമ്പരയായ പുസ്‌തകങ്ങള്‍ ഒന്നര മാസമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ആദ്യ മൂന്ന്‌ സ്‌ഥാനങ്ങള്‍ അലങ്കരിക്കുകയാണ്‌.

പുസ്‌തകപ്രേമികള്‍ ഏറ്റെടുത്ത 19 കാരിയുടേയും ധനികനായ ഒരു വയോധികന്റേയും അസാധാരണ പ്രണയം ഇതിനകം ഹോളിവുഡ്‌ സിനിമാക്കാരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്‌. നോവല്‍ സൃഷ്‌ടാവ്‌ ഇ എല്‍ ജെയിംസ്‌ എന്ന തൂലികാ നാമത്തില്‍ 49 കാരനായ എറികാമിച്ചലുമായി 6.3 മില്യണ്‍ ഡോളറിന്‌ എഴുത്തു കാരനുമായി ചില സിനിമാക്കാര്‍ കരാറിലും എത്തിയെന്നാണ്‌ കേള്‍ക്കുന്നത്‌. 

ബൈനറിയില്‍ പത്രം അച്ചടിക്കാമോ?


പൂജ്യവും ഒന്നും മാത്രം ഉള്‍പ്പെടുന്ന ബൈനറി ഭാഷ കമ്പ്യൂട്ടറിനു മനസ്സിലാവുമായിരിക്കും. എന്നാല്‍, ഈ ഭാഷയില്‍ പത്രം അച്ചടിച്ചാല്‍ ആര്‍ക്കെങ്കിലും വായിച്ചു മനസ്സിലാക്കാന്‍ കഴിയുമോ? മനസ്സിലായെങ്കിലും ഇല്ലെങ്കിലും സൂറിച്ചില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ജര്‍മന്‍ പത്രമായ 'ന്യൂ 'സ്യൂര്‍ച്ചര്‍ സീറ്റംഗ്‌' (ന്യൂ സൂറിച്ച്‌ ടൈംസ്‌) ഇത്തരത്തില്‍ ഒരു സാഹസം നടത്തി അച്ചടി മാധ്യമ രംഗത്ത്‌ ചരിത്രം സൃഷ്‌ടിച്ചു!

എന്തിനാണ്‌ പൂജ്യവും ഒന്നും നിരത്തി വായനക്കാരെ ബുദ്ധിമുട്ടിലാക്കിയത്‌ എന്നാവും ഈ വാര്‍ത്ത അറിയുന്നവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യം. ഈ വിചിത്രമായ അച്ചടി ഒരു മാറ്റത്തെ സൂചിപ്പിക്കുന്നതിനായിരുന്നു. പത്രത്തിന്റെ സമ്പൂര്‍ണമായ ഓണ്‍ലൈന്‍ എഡിഷന്റെ തുടക്കം അറിയിക്കുന്നതിനാണ്‌ ആമുഖ താള്‍ മുഴുവനും ബൈനറിയില്‍ അച്ചടിച്ചത്‌!

വില, ചിത്രങ്ങള്‍, പരസ്യം, ലക്കം എന്നിവ മാത്രമാണ്‌ പത്രത്തിന്റെ ആദ്യ താളില്‍ സ്വാഭാവിക രീതിയില്‍ അച്ചടിച്ചിരുന്നത്‌. ബാക്കിയെല്ലാം പൂജ്യത്തിന്റെയും ഒന്നിന്റെയും കൂടിച്ചേരലുകള്‍ മാത്രം. എന്തായാലും പുരാതന പത്രം പൂര്‍ണമായും ഓണ്‍ലൈനാവുന്നത്‌ ശരിക്കും ആഘോഷിച്ചു എന്നു വേണം പറയാന്‍! 1780 മുതല്‍ പ്രചാരത്തിലിരിക്കുന്ന പത്രമാണിത്‌.

Tuesday, June 19, 2012

വാംപെയറുകള്‍ മരിച്ചിട്ടില്ല


കണ്ണില്‍ക്കുത്തിയാല്‍ കാണാന്‍ കഴിയാത്ത ഇരുട്ട്. കാതടപ്പിക്കുന്ന വിധം കാറ്റിരമ്പുന്നു. പെട്ടെന്നു കഴുത്തിലെന്തോ കടിച്ചതു പോലെ. തൊട്ടു നോക്കുമ്പോള്‍ നേര്‍ത്ത നനവ്, ചോരയെുടെ മണം. കഴുത്തില്‍നിന്നു ചുമലിലേക്ക് രക്തമൊഴുകി. ഞരമ്പു മുറിഞ്ഞിരിക്കുന്നു. കൈകാലുകള്‍ തളര്‍ന്നു നിലത്തു വീഴുമ്പോള്‍ എന്തോ ഒരു രൂപം ദൂരേയ്ക്ക് പറന്നകന്നു... എന്തായിരുന്നു ആ അദൃശ്യസാന്നിധ്യം...? പ്രേതനോവലുകളിലും പിന്നീടു സിനിമകളിലുമാണ് ഇങ്ങനെ അദൃശ്യശക്തികളെ കണ്ടത്. രക്തരക്ഷസുകള്‍, യക്ഷി, പ്രേതം... മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന അമാനുഷിക ശക്തികള്‍ പാശ്ചാത്യലോകത്ത് വാംപെയറുകളാണ്. അവിടെ കഥകളില്‍ മാത്രം ഒതുങ്ങുന്നില്ല വാംപയറുകള്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പേ അവര്‍ വാംപെയറുകളെ ഭയപ്പെട്ടു. വവ്വാലുകളായി പറന്നെത്തി രക്തമൂറ്റുന്ന വാംപെയറുകള്‍ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ചു പഴയ തലമുറ. അതുകൊണ്ടു തന്നെ ബള്‍ഗേറിയയിലെ സോഫിയയിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പി ക്കുന്ന അസ്ഥികൂടത്തിനു പ്രസക്തിയേറുന്നു. ബള്‍ഗേറിയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു വാംപെയര്‍ സ്കെലിറ്റന്‍ ആണ്. 

എഴുനൂറു വര്‍ഷം പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഇത് കുഴിമാന്തിയെടുത്തതു ബ്ലാക് സീ ടൗണായ സോക്കോപോളില്‍ നിന്ന്. ഒരുപാട് സ്കെലിറ്റനുകള്‍ ചരിത്രകാരന്മാര്‍ക്കു കിട്ടിയിട്ടുണ്ടെങ്കിലും പ്രദര്‍ശനത്തിനെത്തിച്ചതിന് പ്രത്യേകതയുണ്ട്. ഈ രണ്ട് അസ്ഥികൂടങ്ങളുടേയും നെഞ്ചിലേക്ക് ഒരു ഇരുമ്പ് ദണ്ഡ് ആഴ്ന്നിറങ്ങിയ പാടുണ്ട്. നെഞ്ചില്‍ ഇരുമ്പു കമ്പി ആഴ്ന്നിറങ്ങിയിട്ടുണ്ടെങ്കില്‍ അവിടത്തുകാര്‍ക്കറിയാം, അതു സാധാരണക്കാരനല്ല. മരണശേഷം വാംപെയര്‍ ആകാന്‍ സാധ്യതയുള്ള മനുഷ്യരാണ്. ഒരു കാലത്തു ഗ്രാമീണര്‍ ഏറെ ഭയപ്പെട്ടിരുന്ന സമൂഹദ്രോഹികളാണ് അവര്‍. അവര്‍ വാംപെയറുകളായി പുനര്‍ജനിച്ചു. പ്രഭുക്കന്മാരായിരുന്നു ഇങ്ങനെ മരണശേഷം വാംപെയറായി അവതരിച്ചത്. 

മൃതദേഹത്തിന്‍റെ നെഞ്ചില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയാല്‍ പുനര്‍ജ നിക്കില്ലെന്നായിരുന്നു ബള്‍ഗേറിയ ക്കാരുടെ വിശ്വാസം. രക്തരക്ഷസായി രൂപാന്തരം പ്രാപിക്കാതിരിക്കാനുള്ള പ്രവൃത്തിയായിരുന്നു അത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ഇത്തരത്തിലുള്ള ആചാരം ഇവിടെ നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. അതു വ്യക്തമാക്കുന്നതാണ് പ്രദര്‍ശനത്തിനു വച്ചിട്ടുള്ള രണ്ട് അസ്ഥികൂടങ്ങള്‍. 

ബള്‍ഗേറിയയുടെ അതിര്‍ത്തിയിലുളള റൊമാനിയയിലെ ട്രാന്‍സില്‍വാനിയയിലാണ് ബ്രാം സ്റ്റോക്കറുടെ കഥാപാത്രമായ ഡ്രാക്കുള വിഹരിച്ചിരുന്നത്. ഭാവനാസൃഷ്ടിയാണെങ്കിലും, നൂറ്റാണ്ടുകള്‍ക്കു മുമ്പേ വാംപെയര്‍ ബള്‍ഗേറിയക്കാരെ വിറപ്പിച്ചിരുന്നു എന്നതിനു സാക്ഷ്യമാണ് ഡ്രാക്കുള. രക്തരക്ഷസുകളെ തൃപ്തിപ്പെടുത്താനും അവര്‍ ശല്യപ്പെടുത്താതിരിക്കാനും ചില മാന്ത്രിക കര്‍മങ്ങള്‍ ചെയ്തിരുന്നു ബള്‍ഗേറിയക്കാര്‍. പക്ഷേ, കാലം കടന്നതോടെ വാംപെയറുകള്‍ സിനിമയിലും നോവലിലും മാത്രമായി. 

പുതുയുഗത്തില്‍ പോക്കറ്റില്‍ നാലു പുത്തന്‍ വീഴാനുള്ള വഴിയൊരുക്കുന്നു വാംപെയറുകള്‍. റൊമാനിയയില്‍ വാംപെയര്‍ ടൂറിസമുണ്ട്. വാംപയറുകളുടെ നാടു കാണാനുള്ള അവസരം എന്നാണ് പരസ്യ വാചകം. ഇപ്പോള്‍ പ്രദര്‍ശനത്തിന് അസ്ഥി കൂടം എത്തിക്കുമ്പോള്‍ ഈ മാര്‍ഗത്തിലൂടെ സമ്പാദിക്കാനുള്ള സാധ്യത ബള്‍ഗേറിയയ്ക്കു ലഭിച്ചു. കഴിഞ്ഞയാഴ്ച അസ്ഥികൂടങ്ങള്‍ കണ്ടെത്തിയപ്പോള്‍ത്തന്നെ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ആ കുഴിമാടങ്ങളിലായിരുന്നു. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ അസ്ഥി കൂടം പ്രദര്‍ശനത്തിനു വരുമ്പോള്‍ അതൊരു വലിയ വരുമാനമാര്‍ഗമായി മാറുമെന്നു തന്നെ വിശ്വസിക്കുന്നു ബള്‍ഗേറിയക്കാര്‍. 

ബള്‍ഗേറിയന്‍ ഭൂമിയില്‍ പന്ത്രണ്ടു മുതല്‍ പതിനാലു നൂറ്റാണ്ടു വരെ വളരെ സജീവമായി നിലനിന്നിരുന്ന വിശ്വാസമായിരുന്നു വാംപെയറുകളെന്നു പറയുന്നു ഹിസ്റ്ററി മ്യൂസിയം ഡയറക്റ്റര്‍ ബോസിദര്‍ ദിമിത്രോവ്. അക്കാലത്തു ജനങ്ങള്‍ അന്ധവിശ്വാസികളായിരുന്നു. കമ്പി കുത്തിയിറക്കിയ മൃതദേഹങ്ങളുള്ള നൂറോളം ശവപ്പറമ്പുകള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ടെന്നു ബോസിദര്‍ പറയുന്നു. മധ്യകാലത്തു ജീവിച്ചിരുന്ന പ്രഭുക്കന്മാരുടെ മൃതദേഹങ്ങളായിരുന്നു അവയിലേറെയും. പ്രഭുക്കന്മാര്‍ രക്തമൂറ്റി കുടിക്കുന്ന വാംപെയറുകളായി രൂപാന്തരം പ്രാപിക്കുമെന്നു ബള്‍ഗേറിയക്കാര്‍ ഭയന്നു. ഇപ്പോള്‍ പല ബാള്‍ക്കന്‍ രാജ്യങ്ങളിലും വാംപെയറുകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ സജീവമാണ്. ചിലയിടങ്ങളില്‍ ഇതു നാടോടിക്കഥകളായും പ്രചരിക്കുന്നു. അതുകൊണ്ടു തന്നെ തലമുറകള്‍ കൈമാറി എത്തുകയാണു വാംപെയര്‍ കഥകള്‍. ഇപ്പോള്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സോക്കോപൂളില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ. ഈ അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നതു വരെ ആ പ്രദേശത്തെ ചിലയാളുകള്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലത്രേ. അസ്ഥികൂടങ്ങള്‍ ചരിത്രകാരന്മാര്‍ കൊണ്ടു പോയപ്പോള്‍ സുഖനിദ്ര ലഭിക്കുകയും ചെയ്തു.. ഇങ്ങനെ പറഞ്ഞും പ്രചരിപ്പിച്ചും പെരുപ്പിച്ചും എത്രയോ രക്തമൂറ്റിക്കുടിക്കുന്ന കഥകള്‍. എന്തായാലും ഇപ്പോള്‍ത്തന്നെ സോക്കോപൂള്‍ വാംപെയര്‍ ടൂറിസം സൈറ്റായി മാറിക്കഴിഞ്ഞു. ഈ കണ്ടുപിടുത്തത്തിനു ശേഷം ധാരാളം പേര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 

പൂര്‍വികരുടെ അന്ധവിശ്വാസത്തെക്കുറിച്ചു കൂടുതല്‍ അറിയിക്കാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്നാണു കരുതുന്നത്. രക്തരക്ഷസുകളുടെ ചരിത്രം തേടുന്നവര്‍ക്ക് ഏറെ സഹായകരമായിരിക്കും ഇപ്പോഴത്തെ ഈ കണ്ടുപിടുത്തവും അസ്ഥി കൂടത്തിന്‍റെ പ്രദര്‍ശനവും. എന്തായാലും വാംപെയറുകളുടെ കഥകള്‍ക്ക് ഇപ്പോഴും നല്ല വേരോട്ടമുണ്ട് ബള്‍ഗേറിയയില്‍. പലരും മറന്നു തുടങ്ങിയ പല കഥകളും ഇപ്പോള്‍ പൊടിതട്ടി പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പുറത്തു വന്നിരിക്കുന്നു. ബള്‍ഗേറിയയുടെ രാത്രികളില്‍ വീണ്ടും രക്തരക്ഷസുകള്‍ ഉലാത്താന്‍ തുടങ്ങിയിരിക്കുന്നു. ലോകം ഇത്രയേറെ പുരോഗമിച്ചു, ഇനിയും വാംപെയര്‍ കഥകള്‍ കേട്ടാല്‍ പേടിക്കുന്ന മനുഷ്യര്‍ ഉണ്ടാകുമോ, പൂര്‍വികരിലാരോ പടച്ചുവിട്ട വാംപെയര്‍ സങ്കല്‍പ്പത്തെ ആരെങ്കിലും വിശ്വസിക്കുമോ...? ഉത്തരം ഹിസ്റ്ററി മ്യൂസിയം ഡയറക്റ്റര്‍ തന്നെ പറയും.

"" അസ്ഥികൂടങ്ങള്‍ തിരിച്ചെടുത്തശേഷം അവ കഴുകി വൃത്തിയാക്കുമ്പോള്‍ മ്യൂസിയത്തിലെ ഒരു തൊഴിലാളി മൂന്നു നാലു പ്രാവശ്യം കുരിശു വരയ്ക്കുകയും, കഴുത്തിലെ കുരിശില്‍ മുറുകെ പിടിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു '' 

വാംപെയറുകള്‍ക്കു മരണമില്ല, ബള്‍ഗേറിയയിലെ ചിലരുടെ മനസുകളിലെങ്കിലും...

Monday, June 18, 2012

ഫാല്‍ക്കണ്‍ ഷിപ്പിനായി ഗവേഷണം തുടരുന്നു


ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍ കണ്ടെത്തിയത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സ്വര്‍ണം നിറച്ച ഒരു സിലിണ്ടറാണോ, മുങ്ങിയ കപ്പലിന്‍റെ കഷണമാണോ എന്നു മനസിലായിട്ടില്ല. വിമാനത്തിന്‍റെ രൂപത്തിലുള്ള വസ്തുവാണെന്നു സംശയിക്കുന്നു ഗവേഷകര്‍. ഇതുവരെ സ്ഫോടനങ്ങളോ, ഭൂകമ്പമോ ഉണ്ടായിട്ടില്ല ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍. റണ്‍വേ പോലെയുള്ള ട്രാക്കുകളുള്ള വസ്തു എങ്ങനെ സമുദ്രത്തിനടിയിലെത്തി...?

ആറായിരം തവണ സമുദ്രത്തിനടിയിലേക്ക് ഡൈവ് ചെയ്തിട്ടുള്ളവരാണു സ്റ്റീഫന്‍ ഹ്യൂഗ്ബോണും സംഘവും. സ്വീഡനില്‍ നിന്നുള്ള ഈ സംഘമാണ് ബാള്‍ട്ടിക് സമുദ്രത്തില്‍ അപൂര്‍വ വസ്തു കണ്ടെത്തിയത്. ജൂണ്‍ ആദ്യ ആഴ്ചയിലാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. വിമാനസദൃശമായ വസ്തുവാണ്. കടലിന്‍റെ അടിത്തട്ടില്‍ മുപ്പത് അടി പൊങ്ങിയാണ് ഇതു കിടക്കുന്നത്. കൂണിന്‍റെ ആകൃതിയുള്ള വസ്തുവാണ്. റണ്‍വേയുടെ മാതൃകയില്‍ 985 അടി നീളമുള്ള ഒരു രൂപവും ഈ ഉപകരണത്തിനടുത്തുണ്ട്. കോഴിമുട്ടയുടെ ആകൃതിയുള്ള മുകള്‍ ഭാഗത്തു നിന്ന് ഉള്ളിലേക്ക് ഒരു ദ്വാരമുണ്ട്. ഇതിനു ചുറ്റും പാറപോലെ എന്തോ വന്നുമൂടിയിരിക്കുന്നു. തീ കത്തിയ ദ്വാരംപോലെയാണിത്. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സംഭവിക്കാതെ ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍ ഇതെങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല. അറുപതു മീറ്റര്‍ വിസ്തൃതിയുണ്ട്. നാനൂറ് മീറ്റര്‍ നീളം. ഇതില്‍ നിന്ന് ഇരുനൂറു മീറ്റര്‍ അകലെയാണു റണ്‍വേയുടെ ആകൃതിയുള്ള ഉപകരണം കിടക്കുന്നത്. 

ഫിന്‍ലാന്‍ഡിനും സ്വീഡനുമിടയില്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ ബോട്നിയ ഗള്‍ഫ് ഭാഗത്തു സമുദ്രത്തിനടിയിലാണ് ഈ വസ്തു കണ്ടെത്തിയതെന്നാണു ഗവേഷക സംഘം പറയുന്നത്. കൃത്യമായ ലൊക്കേഷന്‍ പുറത്തു വിട്ടിട്ടില്ല. കടലിനടിയില്‍ രൂപപ്പെട്ട വസ്തുവാകാന്‍ സാധ്യതയില്ലെന്നു തന്നെയാണു ഡൈവിങ് സംഘത്തിലെ ഒരാളായ ലിന്‍ഡ്ബോര്‍ഗ് പറയുന്നത്.

മില്ലെനിയം ഫാല്‍ക്കണ്‍ എന്ന കള്ളക്കടത്തു കപ്പലിന്‍റെ ഷെയ്പ്പാണു കടലിനടിയില്‍ കണ്ടെത്തിയ വസ്തുവിനെന്നു ഡൈവര്‍മാര്‍ പറയുന്നു. നോവലിലെ സാങ്കല്‍പ്പിക കപ്പലാണ് മില്ലെനിയം ഫാല്‍ക്കണ്‍. ഇതില്‍ നിറയെ അമൂല്യവസ്തുക്കളാണ്. മുങ്ങിയ കപ്പലുകള്‍ ശബ്ദം ഉപയോഗിച്ച് തിരിച്ചറിയുന്ന സോണാര്‍ ടെക്നോളജിയിലൂടെ കൂടുതല്‍ ഗവേഷണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഒരുലക്ഷത്തോളം കപ്പലുകളുണ്ട് ബാള്‍ട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍. അതില്‍ പലതിലും എണ്ണിയാലൊടുങ്ങാത്തത്രയും മൂല്യമുള്ള സ്വത്തുക്കളുണ്ട്...

Tuesday, June 5, 2012

ശ്വാസകോശത്തില്‍ ജീവനുളള മത്സ്യം!‍


പന്ത്രണ്ടുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന്‌ ഡോക്‌ടര്‍മാര്‍ ഒരു ജീവനുളള മത്സ്യത്തെ നീക്കംചെയ്‌തു! മധ്യപ്രദേശിലെ ഖാര്‍ഗണ്‍ ജില്ലയിലാണ്‌ സംഭവം. അനില്‍ ബരേല എന്ന കൗമാരക്കാരന്‍ കൂട്ടുകാര്‍ക്കൊപ്പം നദിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഒമ്പത്‌ സെന്റീമീറ്റര്‍ നീളമുളള മത്സ്യത്തെ വിഴുങ്ങിയത്‌.

കുട്ടികള്‍ ഇത്തരത്തില്‍ മത്സ്യത്തെ വിഴുങ്ങുന്നത്‌ സാധാരണ സംഭവമാണത്രെ. എന്നാല്‍, ഇത്തവണ അനില്‍ വിഴുങ്ങിയ മത്സ്യം ആമാശയത്തില്‍ എത്തിയില്ല, അത്‌ നേരെ ഇടത്‌ ശ്വാസകോശത്തിലാണ്‌ എത്തിയത്‌. മത്സ്യത്തെ വിഴുങ്ങിയതു മുതല്‍ അനിലിന്‌ ശ്വാസ തടസ്സം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രക്‌തത്തില്‍ ഓക്‌സിജന്റെ അളവ്‌ ഗണ്യമായ രീതിയില്‍ കുറഞ്ഞതോടെ ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന്‌ എക്‌സ്-റേ എടുത്തപ്പോഴാണ്‌ ശ്വാസകോശത്തില്‍ മത്സ്യത്തെ കണ്ടത്‌. തുടര്‍ന്ന്‌ 45 മിനിറ്റ്‌ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ മത്സ്യത്തെ പുറത്തെടുത്തത്‌. ഇതിനായി ശ്വസന നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ്‌ മത്സ്യം 'മരിക്കാന്‍ തയ്യാറായത്‌'!

ലാപ്‌ടോപ്പ്‌ കള്ളനെ പിടിച്ചു...!!!‍


ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്‌തു. ഒരു ഫ്‌ളാഷ്‌. കള്ളന്‍ അകത്തായി. ചരിത്രത്തില്‍ ആദ്യമായി ഒരു ലാപ്‌ടോപ്പ്‌ കള്ളനെ പിടിച്ചു. മിഷിഗണ്‍ പോലീസാണ്‌ രസകരവും അതേസമയം വ്യത്യസ്‌തവുമായ കമ്പ്യൂട്ടര്‍ കഥയിലെ ഇടനിലക്കാര്‍. ഉപനായകന്‍ ലാപ്‌ടോപ്പിന്റെ ഉടമയും ആന്‍ ആര്‍ബര്‍ സ്വദേശിയുമായ ലോഗന്‍ ഛദ്ദേയും.

മോഷ്‌ടിക്കപ്പെട്ട ലാപ്‌ടോപ്പ്‌ കള്ളന്റെ ചിത്രമെടുത്ത്‌ സെക്യൂരിറ്റി വെബ്‌സൈറ്റിലേക്ക്‌ അയച്ചു. ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച്‌ പോലീസ്‌ കള്ളനെ പിടിച്ചു. സംഭവം നടന്നത്‌ ഇങ്ങനെ. ആന്‍ ആര്‍ബറിലെ സ്വന്തം വീട്ടില്‍ വെച്ച്‌ ഒരാഴ്‌ച മുമ്പാണ്‌ കമ്പ്യൂട്ടര്‍ ഉടമ ലോഗന്‍ ഛദ്ദേ സെക്യൂരിറ്റി സോഫ്‌റ്റ്വേറായ ഓര്‍ബിക്യൂള്‍ മോഷ്‌ടിക്കപ്പെട്ട ലാപ്‌ടോപ്പില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തത്‌. ഇതറിയാത്ത കള്ളന്‍ ലാപ്‌ടോപ്പ്‌ തുറന്ന്‌ ഫേസ്‌ബുക്കിലൂടെ മോഷണവും അത്‌ വില്‍പ്പന നടത്തിയ കാര്യവും മറ്റൊരു സുഹൃത്തുമായി പങ്കുവെച്ചു. മോഷ്‌ടാവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരം ലാപ്‌ടോപ്പ്‌ ഉടന്‍ ഛദ്ദേയ്‌ക്ക് എത്തിച്ചു. ഛദ്ദേ വിവരം പോലീസിന്‌ കൈമാറി. മണിക്കൂറുകള്‍ക്കകം ഉള്ളില്‍ കള്ളന്‍ പിടിയിലായി.

നേരത്തേ നടന്ന മോഷണങ്ങളിലും പോലീസ്‌ സംശയിക്കപ്പെട്ടിരുന്ന 19 കാരനായിരുന്നു കള്ളന്‍. ഇപ്പോഴും തെളിയാതെ കിടക്കുന്ന അനേകം മോഷണ കേസുകള്‍ ഉണ്ട്‌. എന്നാല്‍ ഇത്‌ ഏറെ വ്യത്യസ്‌തമാണെന്നും കുറേ സമയം കൊണ്ട്‌ അനേകം വിവരങ്ങളാണ്‌ ലാപ്‌ടോപ്പ്‌ കൈമാറിയതെന്നും പോലീസ്‌ പറഞ്ഞു.

Monday, June 4, 2012

സ്‌പോഞ്ച്‌ ബോബ്‌ ഡയറ്റിംഗിലാണ്‌


cat1സ്‌പോഞ്ച്‌ ബോബ്‌ എന്ന്‌ കേട്ടപ്പോള്‍ എതെങ്കിലും ഹോളിവുഡ്‌ നടിയാണെന്ന്‌ തോന്നിയെങ്കില്‍
നിങ്ങള്‍ക്ക്‌ തെറ്റി. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പൂച്ച കുട്ടിയാണ്‌ സ്‌പോഞ്ച്‌ ബോബ്‌. ഭാരം കുറക്കാനുള്ള ഡയറ്റിംഗിലാണ്‌ സ്‌പോഞ്ച്‌. ഇപ്പോള്‍ ഏതാണ്ട്‌ നാല്‌ മാസം പ്രായമുള്ള മനുഷ്യകുഞ്ഞിന്റെ ഭാരമാണ്‌ പൂച്ചക്കുട്ടിക്കുള്ളത്‌. ഇത്‌ അവള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്‌ ചെയ്‌തത്‌. തടി കാരണം നടക്കാനും,ഓടാനും വളരെ പാട്‌ പെടുന്ന അവസ്ഥയിലാണ്‌ പാവം സ്‌പോഞ്ച്‌. ന്യൂയോര്‍ക്കിലെ അനിമല്‍ ഹെവനിലാണ്‌ സ്‌പോഞ്ച്‌ ഇപ്പോള്‍ ഉള്ളത്‌.അവിടത്തെ ജീവനക്കാരുടെ പ്രത്യേക ശ്രദ്ധയിലാണ്‌ അവള്‍. ചെറിയ ചെറിയ എക്‌സര്‍സൈസുകള്‍ ഒക്കെ ചെയ്യിച്ച്‌ സ്‌പോഞ്ചിനെ പതുക്കെ നടത്താനും ഓടാനുമുള്ള ശ്രമത്തിലാണ്‌ അവിടത്തെ ജീവനക്കാര്‍.
സ്‌പോഞ്ചിന്റെ ഉടമ ഒരു നേഴ്‌സിംഗ്‌ ഹോമിലേക്ക്‌ പോയപ്പോള്‍, അവളെ അനിമല്‍ ഹെവന്‍സില്‍ ഏല്‌പിക്കുകയായിരുന്നെന്ന്‌ ഡയറക്ടറായ കേന്ദ്ര മാര അറിയിച്ചു. വളരെ ഡ്രൈ ഫുഡ്‌ കൊടുത്തതു കൊണ്ടാണ്‌ സ്‌പോഞ്ചിന്‌ ഇത്ര ഭാരം ഉണ്ടാകാന്‍ കാരണം.

Saturday, June 2, 2012

ഗോള്‍ഡന്‍ ഗേറ്റ് കടല്‍പ്പാലത്തിന് 75


രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പസഫിക് സമുദ്രത്തിനു കുറുകെ എഴുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു ഒരു പാലം. ആധുനിക ലോകത്തെ അത്ഭുതം... ഏറ്റവും കൂടുതല്‍ തവണ ഫോട്ടൊകളില്‍ പതിഞ്ഞ കടല്‍പ്പാലം... ഭംഗിയുടെയും ഉറപ്പിന്‍റേയും ഏഴരപ്പതിറ്റാണ്ടുകൊണ്ട് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് വിശേഷണങ്ങള്‍ പലതും സ്വന്തമാക്കി. സാന്‍ഫ്രാന്‍സിസ്കോയുടെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഈ പാലത്തിനു മുകളില്‍ നിന്ന് ആയിരത്തഞ്ഞൂറു പേര്‍ മരണത്തിലേക്കു ചാടിയപ്പോള്‍ അമെരിക്കന്‍ മാധ്യമങ്ങളെഴുതി, ലോകത്തിന്‍റെ ആത്മഹത്യാ മുനമ്പ്... അങ്ങനെയൊരു ഭയത്തിന്‍റെ നിഴലുണ്ടെങ്കിലും, ലോകത്തെ ഏറ്റവും ഭംഗിയുള്ള പാലം എന്നതാണ് സാന്‍ഫ്രാന്‍സിസ്കോ തീരത്തു നിന്നു മാരിന്‍ കൗണ്ടിയിലേക്കു തിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജിന് നന്നായി ചേരുന്ന പേര്. ഞായറാഴ്ച എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളെത്തി സാന്‍ഫ്രാന്‍സിസ്കോയിലെ ഇരുമ്പു പാലത്തിനു മുകളില്‍.

ലോകത്തെ ഏറ്റവും നീളം കൂടിയ സസ്പെഷന്‍ സ്പാന്‍ ബ്രിഡ്ജാണ് ഗോള്‍ഡന്‍ ഗേറ്റ്. പസഫിക് സമുദ്രത്തിനു കുറുകെ രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കുമ്പോള്‍ എന്‍ജിനിയറിങ് മേഖലയിലുള്ളവര്‍ പറഞ്ഞു, ഇത് അപകടമാണ്... വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് 1933 ജനുവരി അഞ്ചിന് തീരക്കടലില്‍ ബീമുകളുയര്‍ന്നു. 1937 മേയ് ഇരുപത്തേഴിന് ഗോള്‍ഡന്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. അമെരിക്കന്‍ സൊസൈറ്റി ഒഫ് സിവില്‍ എന്‍ജിനിയര്‍മാരുടെ വാക്കുകള്‍ ഇതാ എഴുപത്തഞ്ചാണ്ടുകളുടെ തകര്‍ക്കാനാവാത്ത വിശ്വാസം നേടിയിരിക്കുന്നു.

ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോഴും കടല്‍ വെള്ളം ഇരമ്പിയപ്പോഴും താങ്ങുകൊടുത്ത് പാലത്തിന്‍റെ കാലുകള്‍ക്ക് ബലംകൂട്ടണമെന്നൊക്കെ 1950ല്‍ ആവശ്യങ്ങളുണ്ടായി. കാലാവസ്ഥ മോശമായപ്പോള്‍ ഇരുമ്പു തൂണുകള്‍ക്കു ബലംകൂട്ടി. ആഭ്യന്തര യുദ്ധം മുതല്‍ സാന്‍ഫ്രാന്‍സിസ്കോയുടെ ചരിത്രത്തിന്‍റെ ഇടനിലക്കാരനായി ഈപാലം. മാരിന്‍ കൗണ്ടിയിലേക്കുള്ള യാത്രയിലെ പ്രധാന കാഴ്ചയായി. അമെരിക്കയില്‍ ചിത്രീകരിച്ച മിക്ക ഹോളിവുഡ് സിനിമകളുടേയും ഒരു സീനിലെങ്കിലും കടന്നു വന്നു. കാലം വരുത്തിയ പരുക്കുകള്‍ നവീകരിച്ച് ഇന്നും പ്രൗഢി നിലനിര്‍ത്തുന്നു...

ജീവിതം മടുത്തുവെന്നു സ്വയം കരുതിയവര്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്കു തിരിച്ചതോടെ ഗോള്‍ഡന്‍ ബ്രിഡ്ജിന്‍റെ ഉയരം മരണക്കയത്തിലേക്കുള്ള ദൂരമായി. പാലത്തിനു മുകളില്‍ നിന്ന് ഇതുവരെ ചാടിയത് 1558. അവരൊന്നും ജീവനോടെ തിരിച്ചു വന്നില്ല. പാലത്തിന്‍റെ വടക്കേക്കരയിലും തെക്കു തീരത്തും ട്രാഫിക് ബരിയറുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നു. പാലത്തില്‍ നിന്ന് ഇരുപതു മീറ്റര്‍ താഴെ ഒരു ഇരുമ്പു വല കെട്ടണമെന്നും നിര്‍ദേശങ്ങളുണ്ടായി. പക്ഷേ, അത് അത്ര ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. 

ജോസഫ് സ്ട്രോസ് എന്ന എന്‍ജിനിയറാണ് ഗോള്‍ഡന്‍ ഗേറ്റിന്‍റെ മാസ്റ്റര്‍ പ്ലാന്‍ വരച്ചത്. സാന്‍ഫ്രാന്‍സിസ്കോ തീരം പസഫിക് സമുദ്രവുമായി സംഗമിക്കുന്ന പാലം. അതായിരുന്നു ഉദ്ദേശ്യം. 1920ല്‍ വരച്ചു തുടങ്ങിയ പാലത്തിന്‍റെ രൂപരേഖ തൊട്ടടുത്ത വര്‍ഷം സര്‍ക്കാരിനു സമര്‍പ്പിച്ചു. നിര്‍മാണസമയത്ത് പതിനൊന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് ഈ തീരത്ത്. ലോകത്തെ ആദ്യത്തെ ഹൈബ്രിഡ് കാന്‍ഡിലിവര്‍ - സസ്പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി എന്‍ജിനിയര്‍മാര്‍. എക്കാലത്തേയ്ക്കുമായി ഇതാ ഒരു പാലം അമെരിക്കയ്ക്കു സമര്‍പ്പിക്കുന്നു... ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത ശേഷം അന്നത്തെ ചീഫ് എന്‍ജിനിയര്‍ ഡാനിയല്‍ മോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. 

ഭൂകമ്പത്തിനും ചുഴലിക്കാറ്റിനും ഇളക്കാന്‍ പറ്റാത്ത രീതിയിലാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് നിര്‍മിച്ചിട്ടുള്ളത്. പെന്‍സിലും പേനയുമുണ്ടെങ്കില്‍ അന്ന് ആര്‍ക്കും പാലം വരയ്ക്കാമെന്നു പറയുന്ന സതേണ്‍ കാലിഫോര്‍ണിയയിലെ പ്രൊഫസര്‍ കെവിന്‍ സ്റ്റാറും ആ പാലത്തിന്‍റെ എഴുപത്തഞ്ചു വയസ് അംഗീകരിച്ചേ പറ്റൂ. കംപ്യൂട്ടറുകളില്ലാത്ത കാലത്തു കൈകൊണ്ടു വരച്ചുണ്ടാക്കിയ പാലത്തിന്‍റെ പ്ലാനിനെ എതിര്‍ക്കുന്ന എന്‍ജിനിയര്‍മാരുമുണ്ട് അമെരിക്കയില്‍. കാറ്റും മഴയും കൊടുങ്കാറ്റുമൊക്കെ വന്നപ്പോള്‍ 1951ല്‍ കുറച്ചു കാലം ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് അടച്ചിട്ടു. വീണ്ടും തുറന്നപ്പോഴും, എന്‍ജിനിയര്‍മാര്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിച്ചു ആ പാലം....

മോഷണത്തിനായി മാസ്‌ക്‌


henly-stefen

മോഷണം നടത്താനായി കള്ളന്‍മാര്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്‌.
എന്നാല്‍ തന്റെ ഐഡന്റിറ്റി പൂര്‍ണ്ണമായും മറച്ചുവെച്ച്‌കൊണ്ട്‌ തികച്ചും മറ്റൊരാളായി മാറി മോഷണം നടത്തി ഹെന്‍ലി സ്‌റ്റീഫന്‍സണ്‍ എന്ന ഈ കള്ളന്‍. എങ്ങനെയെന്നല്ലേ. തന്റെയത്രതന്നെ വലിപ്പമുള്ള ഒരു റബ്ബര്‍ മാസ്‌ക്‌ നിര്‍മ്മിച്ച്‌ അതുപയോഗിച്ചാണ്‌ മോഷണം നടത്തിയിരുന്നത്‌. മാത്രമല്ല കറുത്ത രൂപമുള്ള ഹെന്‍ലി നിര്‍മ്മിച്ച മാസ്‌ക്‌ തന്നോട്‌ ഒട്ടും സാമ്യമില്ലാത്ത വെളുത്ത ഒരു രൂപത്തേയും.ഇതണിഞ്ഞു കഴിഞ്ഞാല്‍ ഇയാളെ തിരിച്ചറിയുക എന്നത്‌ അസാദ്ധ്യം.
സ്റ്റാപ്ലസ്‌ കോര്‍ണ്ണറിലെ മോഷണ ശ്രമത്തിനിടെയാണ്‌ ഇവര്‍ പോലീസ്‌ പിടിയിലായത്‌.ചോദ്യം ചെയ്യലിനിടെയാണ്‌ ഇയാളുടെ യഥാര്‍ത്ഥ രൂപം പോലീസുകാര്‍ കാണുന്നത്‌ തന്നെ. മൂന്നുപേരടങ്ങുന്ന ഗ്യാങ്‌ ആയിട്ടാണ്‌ ഇവര്‍ മോഷണം നടത്തിയിരുന്നത്‌. തികച്ചും നിയമവിരുദ്ധമായ ആള്‍മാറാട്ടം കൂടിയാണ്‌ ഹെന്‍ലി നടത്തിയത്‌.അതുകൊണ്ട്‌ തന്നെ നിയമത്തെ കബളിപ്പിക്കലാണ്‌ അത്‌.തന്റെ രൂപവും നിറവും ആകെ തന്നെ മാറ്റിക്കൊണ്ട്‌ നടത്തിയ ഈ കളവിന്‌ കടുത്ത നിയമനടപടി നേരിടേണ്ടി വരും.ഡിക്ടക്ടീവി ചീഫ്‌ ഇന്‍സ്‌പെക്ടറായ ഹാരി ഹെന്നിഗന്‍ പറഞ്ഞു.വെളുത്ത രൂപമുള്ള ആള്‍ക്കു പങ്കാളിത്തമുള്ളത്‌ എന്ന്‌ സംശയിക്കുന്നതും തെളിയിക്കപ്പെടാത്തതുമായ കേസുകള്‍ എല്ലാം തന്നെ ഒന്നുകൂടി അന്വേഷിക്കാനുള്ള ഉത്തരവും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.armed-rubber1

പ്രാപ്പിടിയന്‍ പറന്നു;രാജകുമാരന്‌ 3.6 കോടി നഷ്ടപരിഹാരം


യുഎഇ രാജകുമാരന്‌ പാക്കിസ്ഥാന്‍ മൂന്നു കോടി അറുപത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. എയര്‍പോര്‍ട്ടില്‍ വെച്ച്‌ നടന്ന കസ്റ്റംസ്‌ പരിശോധനയ്‌ക്കിടെ രാജകുരന്റെ പ്രാപ്പിടിയന്‍ പക്ഷികളെ നഷ്ടപ്പെട്ടതിനാണ്‌ നഷ്ടപരിഹാരം.

യുഎഇ രാജകുടുംബാംഗം ഷെയ്‌ഖ്‌ മുഹമ്മദ്‌ സുല്‍ത്താന്‍ അഹമ്മദ്‌ മൗലയുടെ നാലു പ്രാപ്പിടിയന്‍ പക്ഷികളാണ്‌ കസ്റ്റംസ്‌ പരിശോധനക്കിടെ പറന്നു പോയത്‌. ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തതുകൊണ്ടാണ്‌ പക്ഷികള്‍ പറന്നു പോയത്‌ എന്നും ഇതില്‍ തനിക്ക്‌ മാനസിക വിഷമം ഉണ്ട്‌ എന്നുമുള്ള രാജകുമാരന്‍രെ വാദം അംഗീകരിച്ചാണ്‌ ഫെഡറല്‍ ടാക്‌സ്‌ ഓംബുഡ്‌സ്‌മാന്‍ ഫെഡറല്‍ റവന്യൂ ബോര്‍ഡിന്‌ രാജകുമാരന്‌ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നഷ്ടപരിഹാര തുകയായ മൂന്നു കോടി 60 ലക്ഷത്തില്‍ മൂന്നര കോടി നഷ്ടപ്പെട്ട പക്ഷികള്‍ക്കുള്ള നഷ്ട പരിഹാരവും ബാക്കി 10 ലക്ഷം പക്ഷികളെ നഷ്ടപ്പെട്ടതില്‍ രാജകുമരന്‌ അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവും ആണ്‌. മാര്‍ച്ച്‌ 10നാണ്‌ റാവല്‍പിണ്ടി എയര്‍പോര്‍ട്ടില്‍ വെച്ച്‌ യുഎഇ രാജകുമാരന്റെ നാലു പ്രാപ്പിടിയന്‍മാരെ നഷ്ടപ്പെട്ടത്‌.