Saturday, June 2, 2012

ഗോള്‍ഡന്‍ ഗേറ്റ് കടല്‍പ്പാലത്തിന് 75


രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പസഫിക് സമുദ്രത്തിനു കുറുകെ എഴുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു ഒരു പാലം. ആധുനിക ലോകത്തെ അത്ഭുതം... ഏറ്റവും കൂടുതല്‍ തവണ ഫോട്ടൊകളില്‍ പതിഞ്ഞ കടല്‍പ്പാലം... ഭംഗിയുടെയും ഉറപ്പിന്‍റേയും ഏഴരപ്പതിറ്റാണ്ടുകൊണ്ട് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് വിശേഷണങ്ങള്‍ പലതും സ്വന്തമാക്കി. സാന്‍ഫ്രാന്‍സിസ്കോയുടെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഈ പാലത്തിനു മുകളില്‍ നിന്ന് ആയിരത്തഞ്ഞൂറു പേര്‍ മരണത്തിലേക്കു ചാടിയപ്പോള്‍ അമെരിക്കന്‍ മാധ്യമങ്ങളെഴുതി, ലോകത്തിന്‍റെ ആത്മഹത്യാ മുനമ്പ്... അങ്ങനെയൊരു ഭയത്തിന്‍റെ നിഴലുണ്ടെങ്കിലും, ലോകത്തെ ഏറ്റവും ഭംഗിയുള്ള പാലം എന്നതാണ് സാന്‍ഫ്രാന്‍സിസ്കോ തീരത്തു നിന്നു മാരിന്‍ കൗണ്ടിയിലേക്കു തിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജിന് നന്നായി ചേരുന്ന പേര്. ഞായറാഴ്ച എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളെത്തി സാന്‍ഫ്രാന്‍സിസ്കോയിലെ ഇരുമ്പു പാലത്തിനു മുകളില്‍.

ലോകത്തെ ഏറ്റവും നീളം കൂടിയ സസ്പെഷന്‍ സ്പാന്‍ ബ്രിഡ്ജാണ് ഗോള്‍ഡന്‍ ഗേറ്റ്. പസഫിക് സമുദ്രത്തിനു കുറുകെ രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കുമ്പോള്‍ എന്‍ജിനിയറിങ് മേഖലയിലുള്ളവര്‍ പറഞ്ഞു, ഇത് അപകടമാണ്... വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് 1933 ജനുവരി അഞ്ചിന് തീരക്കടലില്‍ ബീമുകളുയര്‍ന്നു. 1937 മേയ് ഇരുപത്തേഴിന് ഗോള്‍ഡന്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. അമെരിക്കന്‍ സൊസൈറ്റി ഒഫ് സിവില്‍ എന്‍ജിനിയര്‍മാരുടെ വാക്കുകള്‍ ഇതാ എഴുപത്തഞ്ചാണ്ടുകളുടെ തകര്‍ക്കാനാവാത്ത വിശ്വാസം നേടിയിരിക്കുന്നു.

ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോഴും കടല്‍ വെള്ളം ഇരമ്പിയപ്പോഴും താങ്ങുകൊടുത്ത് പാലത്തിന്‍റെ കാലുകള്‍ക്ക് ബലംകൂട്ടണമെന്നൊക്കെ 1950ല്‍ ആവശ്യങ്ങളുണ്ടായി. കാലാവസ്ഥ മോശമായപ്പോള്‍ ഇരുമ്പു തൂണുകള്‍ക്കു ബലംകൂട്ടി. ആഭ്യന്തര യുദ്ധം മുതല്‍ സാന്‍ഫ്രാന്‍സിസ്കോയുടെ ചരിത്രത്തിന്‍റെ ഇടനിലക്കാരനായി ഈപാലം. മാരിന്‍ കൗണ്ടിയിലേക്കുള്ള യാത്രയിലെ പ്രധാന കാഴ്ചയായി. അമെരിക്കയില്‍ ചിത്രീകരിച്ച മിക്ക ഹോളിവുഡ് സിനിമകളുടേയും ഒരു സീനിലെങ്കിലും കടന്നു വന്നു. കാലം വരുത്തിയ പരുക്കുകള്‍ നവീകരിച്ച് ഇന്നും പ്രൗഢി നിലനിര്‍ത്തുന്നു...

ജീവിതം മടുത്തുവെന്നു സ്വയം കരുതിയവര്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്കു തിരിച്ചതോടെ ഗോള്‍ഡന്‍ ബ്രിഡ്ജിന്‍റെ ഉയരം മരണക്കയത്തിലേക്കുള്ള ദൂരമായി. പാലത്തിനു മുകളില്‍ നിന്ന് ഇതുവരെ ചാടിയത് 1558. അവരൊന്നും ജീവനോടെ തിരിച്ചു വന്നില്ല. പാലത്തിന്‍റെ വടക്കേക്കരയിലും തെക്കു തീരത്തും ട്രാഫിക് ബരിയറുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നു. പാലത്തില്‍ നിന്ന് ഇരുപതു മീറ്റര്‍ താഴെ ഒരു ഇരുമ്പു വല കെട്ടണമെന്നും നിര്‍ദേശങ്ങളുണ്ടായി. പക്ഷേ, അത് അത്ര ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. 

ജോസഫ് സ്ട്രോസ് എന്ന എന്‍ജിനിയറാണ് ഗോള്‍ഡന്‍ ഗേറ്റിന്‍റെ മാസ്റ്റര്‍ പ്ലാന്‍ വരച്ചത്. സാന്‍ഫ്രാന്‍സിസ്കോ തീരം പസഫിക് സമുദ്രവുമായി സംഗമിക്കുന്ന പാലം. അതായിരുന്നു ഉദ്ദേശ്യം. 1920ല്‍ വരച്ചു തുടങ്ങിയ പാലത്തിന്‍റെ രൂപരേഖ തൊട്ടടുത്ത വര്‍ഷം സര്‍ക്കാരിനു സമര്‍പ്പിച്ചു. നിര്‍മാണസമയത്ത് പതിനൊന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് ഈ തീരത്ത്. ലോകത്തെ ആദ്യത്തെ ഹൈബ്രിഡ് കാന്‍ഡിലിവര്‍ - സസ്പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി എന്‍ജിനിയര്‍മാര്‍. എക്കാലത്തേയ്ക്കുമായി ഇതാ ഒരു പാലം അമെരിക്കയ്ക്കു സമര്‍പ്പിക്കുന്നു... ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത ശേഷം അന്നത്തെ ചീഫ് എന്‍ജിനിയര്‍ ഡാനിയല്‍ മോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. 

ഭൂകമ്പത്തിനും ചുഴലിക്കാറ്റിനും ഇളക്കാന്‍ പറ്റാത്ത രീതിയിലാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് നിര്‍മിച്ചിട്ടുള്ളത്. പെന്‍സിലും പേനയുമുണ്ടെങ്കില്‍ അന്ന് ആര്‍ക്കും പാലം വരയ്ക്കാമെന്നു പറയുന്ന സതേണ്‍ കാലിഫോര്‍ണിയയിലെ പ്രൊഫസര്‍ കെവിന്‍ സ്റ്റാറും ആ പാലത്തിന്‍റെ എഴുപത്തഞ്ചു വയസ് അംഗീകരിച്ചേ പറ്റൂ. കംപ്യൂട്ടറുകളില്ലാത്ത കാലത്തു കൈകൊണ്ടു വരച്ചുണ്ടാക്കിയ പാലത്തിന്‍റെ പ്ലാനിനെ എതിര്‍ക്കുന്ന എന്‍ജിനിയര്‍മാരുമുണ്ട് അമെരിക്കയില്‍. കാറ്റും മഴയും കൊടുങ്കാറ്റുമൊക്കെ വന്നപ്പോള്‍ 1951ല്‍ കുറച്ചു കാലം ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് അടച്ചിട്ടു. വീണ്ടും തുറന്നപ്പോഴും, എന്‍ജിനിയര്‍മാര്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിച്ചു ആ പാലം....

No comments:

Post a Comment