| Dated: April 12, 2012 |
മലേഷ്യ എയര്‍ലൈന്‍സിന്‍റെ ഏറ്റവും പുതിയ ഡബിള്‍ ഡക്കര്‍ വിമാനത്തിന്‍റെ മുകള്‍ ഭാഗത്ത് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിക്കും. ഇനി മുതല്‍ 12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുകള്‍ ഡക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ട എന്നാണ് എയര്‍ലൈന്‍സ് അധികാരികളുടെ തീരുമാനം. എക്കണോമി ക്ലാസ് ശ്രേണിയില്‍ 70 സീറ്റും, ബിസിനസ്സ് ക്ലാസ്സ് ശ്രേണിയില്‍ 66 സീറ്റും മുകള്‍ ഡക്കില്‍ ക്രമീകരിച്ചിരിക്കുന്നു. ഫാസ്റ്റ് ക്ലാസ് സീറ്റുകള്‍ താഴത്തെ ഡക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. എയര്‍ലൈന്‍സിന്‍റെ പുതിയ നിയമപ്രകാരം കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് മുകള്‍ ഡക്കിലെ എക്കണോമി ക്ലാസും, ബിസിനസ്സ് ക്ലാസും അപ്രാപ്യമാകുമെന്ന് ചുരുക്കം. കുട്ടികളുടെ കരച്ചില്‍ ശബ്ദം മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് എക്കണോമി, ബിസിനസ് ക്ലാസിലെ യാത്രക്കാരില്‍ നിന്നു ധാരാളം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മലേഷ്യ എയര്‍ലൈന്‍സ് സി ഇ ഒ ടെങ്ക് അജ്മീല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ഒരു ട്രാവല്‍ മാഗസിനാണ് എയര്‍ലൈന്‍സ് അധികാരികളുടെ ഈ തീരുമാനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുകള്‍ ഡക്കിലെ ബുക്കിങ്ങില്‍ ഒഴിവാക്കണമെന്ന് ട്രാവല്‍ ഏജന്‍റ്സിന് എയര്‍ലൈസിന്‍റെ നിര്‍ദേശമുണ്ടെന്നായിരുന്നു ഇവര്‍ പുറത്തു വിട്ട വാര്‍ത്ത. പിന്നീട് എയര്‍ ലൈന്‍സ് അധികാരികള്‍ തന്നെ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി. എയര്‍ലൈന്‍സിന്‍റെ തീരുമാനം വിവാദമായിരിക്കുകയാണ്. ഈ തീരുമാനം വിവേചനപരമെന്നാണ് ഭൂരിപക്ഷം ആളുകളും വിശേഷിപ്പിച്ചത്. എന്നാല്‍ സ്വാഭാവികമായും തീരുമാനം പിന്‍തുണക്കുന്നവരും ഉണ്ട്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുന്നതിനിടയില്‍ കനേഡിയന്‍ എയര്‍ലൈന്‍സ് കമ്പനിയായ വെസ്റ്റ് ജെസ്റ്റ് ഏതാനും ദിവസം മുന്‍പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ ശല്യം ഒഴിവാക്കാന്‍ അവരെ ലഗേജിനൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കാമെന്നായിരുന്നു കനേഡിയന്‍ എയര്‍ലൈന്‍സിന്‍റെ ഈ വീഡിയോയുടെ ആശയം. പേടിക്കണ്ട, ഏപ്രില്‍ ഒന്നിന് വിഡ്ഢി ദിനത്തിന്‍റെ ഭാഗമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. എന്നാല്‍ ഇത്തരം വിചിത്ര നിയമങ്ങള്‍ പാസാക്കുന്ന എയര്‍ലൈന്‍സ് അധികാരികള്‍ സമീപഭാവിയില്‍ കുഞ്ഞുങ്ങളെ ലഗേജ് ആയി പരിഗണിച്ചാലും അത്ഭുതപ്പെടേണ്ട. |
Sunday, April 15, 2012
മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ A380 -ന്‍റെ മുകളിലത്തെ നിലയില്‍ കുട്ടികള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment