Thursday, May 31, 2012

ഒന്‍പതു പാശ്ചാത്യ രാജ്യങ്ങളില്‍ വൈകാതെ മതം അപ്രത്യക്ഷമാകുമെന്നു പഠനം


മതം ഒരു വലിയ ഭീഷണ നേരിടുകയാണ് പാശ്ചാത്യലോകത്ത് എന്നതൊരു പുതിയ വാര്‍ത്തയല്ല. പള്ളിക്കാര്യങ്ങള്‍ക്കൊന്നും ആളെ, പ്രത്യേകിച്ച് യുവജനതയെ കിട്ടാതായിട്ട് കാലം കുറേയായി. ആളുകളെ പള്ളിയിലേക്കും ആരാധനാലയങ്ങളിലേക്കും ആകര്‍ഷിക്കാന്‍ പലരും ഡാന്‍സ് പാര്‍ട്ടികളും മറ്റും വിശ്വാസാഘോഷങ്ങളുടെ ഭാഗമായി തുടങ്ങുക വരെ ചെയ്തു.

ഇപ്പോള്‍, ഈ ഭീഷണി അത്ര നിസ്സാരമല്ലാത്തവിധം വളര്‍ന്നിരിക്കുന്നു എന്നതു തെളിവുസഹിതം പുറത്തുവന്നിരിക്കുകയാണ്. ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെങ്കിലും വൈകാതെ മതം പാടേതന്നെ നിഷ്കാസിതമാകുമെന്നാണ് വിവിധരാജ്യങ്ങളില്‍ വിപുലമായ നടന്ന ഒരു സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നത്. യാതൊരു മതാഭിമുഖ്യവുമില്ലാത്തവരുടെ എണ്ണം അത്രയും അധികരിക്കുകയാണ് ഈ രാജ്യങ്ങളിലെന്ന് പഠനത്തിന്റെ ഭാഗമായി നടത്തിയ സെന്‍സസില്‍ തെളിഞ്ഞിരിക്കുന്നു.
ഓസ്ട്രേലിയ, ഓസ്ട്രിയ, കനഡ, ചെക്ക് റിപ്പബ്ലിക്, അയര്‍ലന്റ്, നെതര്‍ലന്റ്സ്, ന്യൂസീലാന്റ്, സ്വിറ്റ്സര്‍ലന്റ്, ഫിന്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് മതം പടിക്കുപുറത്താകാന്‍ പോകുന്നത്. ഇവ വൈകാതെ മതമില്ലായ്മയുടെ നവരാഷ്ട്രങ്ങളായിത്തീരും (നവമെന്നാല്‍ ഒമ്പതെന്നും പുതുതെന്നുമുണ്ട്).
അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ഡള്ളാസ് സമ്മേളനത്തിലാണ് പഠനഫലങ്ങള്‍ പ്രഖ്യാപിച്ചത്. മതപരമയായ കാരണങ്ങളാലാണോ സാമൂഹികപരമായ കാരണങ്ങളാലാണോ ഒരാള്‍ തന്റെ അസ്തിത്വത്തെ അളക്കുന്നതെന്നു തിരിച്ചറിയുവാനുതകുന്നമട്ടിലുള്ളതായിരുന്നു സെന്‍സസ്. ഇതില്‍ മതം ഏതാണ്ട് പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടുപോയി. 
പഠനസംഘാംഗമായ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഡാനിയല്‍ അബ്രാംസ് പറയുന്നത് മതവുമായി ബന്ധപ്പെടുന്നതിലും പുതുതലമുറ ഇഷ്ടപ്പെടുന്നത് സാമൂഹികക്കൂട്ടായ്മകളില്‍ ഇടപെടാനാണെന്നാണ്. മറ്റൊരു സംഘാംഗമായ ഡോക്ടര്‍ വീനര്‍ പറയുന്നു, ആധുനികജനാധിപത്യ രാഷ്ട്രങ്ങളില്‍ ഈ വിചാരഗതി കൂടിക്കൂടിവരികയാണെന്ന്. നെതര്‍ലന്റ്സില്‍ ഇത്തരക്കാരുടെ എണ്ണം നാല്പതുശതമാനമാണെങ്കില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അത് അറുപതു ശതമാനമാണ്.

ഗുരുദേവ് ട്രസ്റ്റ്: 12,000 കോടിയുടെ അവകാശി ഡ്രൈവര്‍


കഴിഞ്ഞ ദിവസം അന്തരിച്ച ബാബ ജയ് ഗുരുദേവിന്‍റെ ട്രസ്റ്റുകളുടെ അനന്തരാവകാശി ഇനി അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ പങ്കജ് യാദവ്. മരണത്തോടെ 12,000 കോടി രൂപ ആസ്തിയുളള ട്രസ്റ്റിന്‍റെ അവകാശിയായാണു പങ്കജ് യാദവ് മാറിയത്. തന്‍റെ സ്വത്തുക്കളുടെ അവകാശി പങ്കജ് യാദവായിരിക്കുമെന്നു ഗുരുദേവ് എഴുതിവച്ചിരുന്നു. 2010 ജൂലൈ 10ന് എഴുതിയ കത്ത് ഗുരുദേവിന്‍റെ ശിഷ്യന്‍ ഫുല്‍ സിങ് വെളിപ്പെടുത്തി. 

ഡല്‍ഹി, യുപിയിലെ മഥുര എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമങ്ങള്‍ക്കു പുറമെ സ്കൂളും മഥുരയില്‍ പെട്രോള്‍ പമ്പും ഗുരുദേവ് ട്രസ്റ്റിനുണ്ട്. കൂടാതെ 100 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റും ആയിരം കോടി രൂപയുടെ ഭൂസ്വത്തും ഉണ്ട്.

ട്രസ്റ്റിനു സ്വന്തമായുളള വാഹനങ്ങളുടെ ആസ്തി 150 കോടി രൂപയാണ്. ഇതില്‍ ബെന്‍സ്, ബിഎംഡബ്ലി യുഎസ് ആഡംബര കാറുകളും ഉള്‍പ്പെടും.

Saturday, May 26, 2012

ഈസ്റ്റര്‍ ദ്വീപ് ശിരസുകള്‍ക്ക് ഉടലുകളുണ്ട്


ഈസ്റ്റര്‍ ദ്വീപുകളുടെ പ്രശസ്തി അവിടത്തെ ശിലാ ശിരസുകളാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ 887 പടുകൂറ്റന്‍ ശിലാ ശിരസുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ടണ്‍ കണക്കിനു ഭാരം വരുന്ന ശിലാ ശില്‍പ്പങ്ങള്‍ എങ്ങനെ മണ്ണില്‍ ഇളക്കം കട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നതു പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരിക്കുന്നതെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ശിലാ ശിരസുകള്‍ക്ക് ഉടല്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ പിന്നീട് എത്തിച്ചേര്‍ന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളില്‍ നടന്ന ഉല്‍ഖനനം തെളിയിച്ചു. 

ഏഴു മീറ്റര്‍ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോള്‍, ശിലാശിരസുകളുടെ കീഴില്‍ ഉടലുണ്ടെന്നു കണ്ടെത്തി. ഉല്‍ഖനനത്തില്‍ ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിട്ടുണ്ട്. ശില്‍പ്പങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതപ്പെടുന്നു. 

തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തിലാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ചിലിയുടെ ഭാഗമാണിത്.

1722ലെ ഈസ്റ്റര്‍ ദിനത്തില്‍ ഡച്ച് നാവികന്‍ ജേക്കബ് റഗോവീനാണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. (അതിനു മുന്‍പു ചില നാവികര്‍ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനില്‍ നിന്നാണ്). ഈസ്റ്റര്‍ ദിനത്തില്‍ കണ്ടെത്തിയതിനാല്‍, ദ്വീപിന് ഈസ്റ്റര്‍ ദ്വീപെന്നു പേരു നല്‍കുകയായിരുന്നു. അക്കാലത്തു ദ്വീപില്‍ 10,000നും 15,000നും ഇടയില്‍ റാപനുയി വംശജര്‍ അധിവസിച്ചിരുന്നെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ കണക്ക്.

പോളിനേഷ്യന്‍ വംശജരാണു ദ്വീപില്‍ അധിവസിച്ച റാപനുയികള്‍ എന്നു കരുതപ്പെടുന്നു. മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളില്‍ അധിവസിക്കുന്നവരാണു പോളിനേഷ്യന്‍ വംശജര്‍. തൊട്ടടുത്ത പോളിനേഷ്യന്‍ അധിവാസ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്ക് 1,500ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യര്‍ കുടിയേറിയതെന്നു കരുതപ്പെടുന്നു. ഇത്രയും ദൂരം സമുദ്രത്തിലൂടെ സഞ്ചരിച്ച് എത്തിയവരാണ് അവിടെ ശിലാശിരസുകള്‍ കൊത്തി സ്ഥാപിച്ചത്. 

ദ്വീപില്‍ ആവാസം ഉറപ്പിച്ചവര്‍ വെട്ടി നശിപ്പിച്ചതിനാലാകും ദ്വീപില്‍ വന്‍ വൃക്ഷങ്ങള്‍ ഒന്നും തന്നെ അവശേഷിക്കാത്തതെന്നു കരുതപ്പെടുന്നു. അടിമക്കച്ചവടത്തിനായി വേട്ടയാടപ്പെട്ടതും യൂറോപ്യന്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു കിട്ടിയ രോഗങ്ങളും ദ്വീപിലെ ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമായി. 

റാപനുയി വംശജരാണ് ഈസ്റ്റര്‍ ദ്വീപിലെ ആദിവാസികള്‍. 2002ല്‍ ദ്വീപിലെ ജനസംഖ്യ 3791. അവരില്‍ 60 ശതമാനം പേര്‍ റാപനുയി പാരമ്പര്യം അവകാശപ്പെടുന്നു. 1877ല്‍ ദ്വീപില്‍ 111 റാപനുയി വംശജര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അവരില്‍ 36 പേര്‍ക്കു മാത്രമേ പിന്‍ഗാമികള്‍ ജനിച്ചുള്ളൂ. ഇപ്പോഴുള്ള ആദിവാസികള്‍ എല്ലാവരും ഈ 36 പേരുടെ പിന്‍തലമുറക്കാരാണ്. 

1888ലാണ് ഈസ്റ്റര്‍ ദ്വീപ് ചിലിയുടെ ഭരണത്തിനു കീഴിലായത്. ഇപ്പോള്‍ റാപനുയി നാഷനല്‍ പാര്‍ക്കിന്‍റെ ഭാഗമായി ഈസ്റ്റര്‍ ദ്വീപ് സംരക്ഷിക്കപ്പെടുന്നു. ഗവര്‍ണര്‍ ജനറലാണു ഭരണത്തലവന്‍. ഈസ്റ്റര്‍ ദ്വീപിലെ ശിലാശിരസുകള്‍ യുനെസ്കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tuesday, May 22, 2012

ഏറ്റവും വലിയ ടവര്‍ ചൈനയില്‍ നിന്നും ജപ്പാനിലേക്ക്‌


 Japan Tokyo Sky Tree World Tallest Tower
ലോകത്തിലെ ഏറ്റവും വലിയ ഗോപുരം ചൊവ്വാഴ്‌ച പൊതുജനങ്ങള്‍ക്കായി തുറന്നു. ടോക്കിയോ സ്‌കൈ ട്രീ എന്നാണ്‌ജപ്പാനിലെ ഈ ടവറിന്റെ പേര്‌. 634 മീറ്റര്‍ അല്ലെങ്കില്‍ 2,080 അടി ആണ്‌ ഈ ഭീമന്‍ ടവറിന്റെ ഉയരം.


ആദ്യ ദിവസം തന്നെ എണ്ണായിരത്തോളം സന്ദര്‍ശകരെയാണ്‌ ടോക്കിയോ സ്‌കൈ ട്രീ പ്രതീക്ഷിക്കുന്നത്‌. ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഈ ടവറിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കിക്കഴിഞ്ഞു.

ഇതുവരെ ചൈനയിലെ കാന്റണ്‍ ടവറിനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ടവര്‍ എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌. 600 മീറ്റര്‍ ഉയരമുള്ള കാന്റണ്‍ ടവറിന്റെ റെക്കോര്‍ഡ്‌ പിന്തള്ളി ഇപ്പോള്‍ ടോക്കിയോ സ്‌കൈ ട്രീ ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌.

എന്നാല്‍ ലോകത്തിനെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇപ്പോഴും ദുബയിലെ ബുര്‍ജ്‌ ഖലീഫ തന്നെയാണ്‌. 828 മീറ്റര്‍ (2,717 അടി) ഉയരമുണ്ട്‌ ബുര്‍ജ്‌ ഖലീഫയ്‌ക്ക്‌. അംബരചുംബിയായ ഏറ്റവും വലിയ കെട്ടിടം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ബുര്‍ജ്‌ ഖലീഫയ്‌ക്കു തന്നെയാണ്‌. എന്നാലിത്‌ ടവര്‍ ആയി കണക്കാക്കാന്‍ പറ്റാത്തതു കാരണം ആണ്‌ ടോക്കിയോ സ്‌കൈ ട്രീക്ക്‌ ഏറ്റവും വലിയ ടവര്‍ എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ലഭിച്ചിരിക്കുന്നത്‌.

ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി ടെലിവിഷന്‍, റേഡിയോ എന്നിവയുടെ ബ്രോഡ്‌കാസ്‌റ്റ്‌ ടവര്‍ ആയിരിക്കും ടോക്കിയോ സ്‌കൈ ട്രീ. സ്‌കൈ ട്രീ കാണാന്‍ വേണ്ടി ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരാഴ്‌ചയിലേറെ കാത്തിരിക്കേണ്ടി വന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

Saturday, May 19, 2012

ബ്രാഹ്മണബീജത്തിന് ഇന്ത്യയില്‍ വന്‍ ഡിമാന്റ്


ഇന്ത്യയില്‍ പുരുഷബീജത്തിന് വന്‍ ഡിമാന്റാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ തന്നെ ബ്രാഹ്മണന്‍മാരുടെ ബീജത്തിനാണ് ഇന്ന് ആവശ്യക്കാരേറെ എന്നാണ് പുതിയ വാര്‍ത്ത.
ബ്രാഹ്മണ ബീജത്തിലുണ്‍വുന്ന കുട്ടികള്‍ രൂപഭാവത്തിലും ബുദ്ധിയിലും മുന്‍പന്തിയിലായിരിക്കുമെന്ന ധാരണയാണ് ഇത്തരത്തിലുള്ള ആവശ്യത്തിന് അടിസ്ഥാനം. കുറച്ചുനാള്‍ മുന്‍പ് പാറ്റ്‌നയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഒരേ ജാതിയിലും മതത്തിലും പെട്ട ബീജം ആവശ്യമുണ്ടെന്ന് പറഞ്ഞ്  പരസ്യം കൊടുത്തിരുന്നു.


പ്രധാനമായും മുംബൈ പോലുള്ള സംസ്ഥാനങ്ങളിലാണ് ബ്രാഹ്മണ ബീജത്തിന് ആവശ്യക്കാരേറുന്നത്. മുംസ്ലീങ്ങളുടെ കാര്യം എടുക്കുകയാണെങ്കില്‍ അവര്‍ ബീജം സുന്നിയുടേതാണോ അതോ മുജാഹിദാണോ എന്നെല്ലാം അന്വേഷിക്കും. എന്തുതന്നെയായാലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത് അവര്‍ ബീജം നല്‍കുന്ന ആള്‍ ഏത് മതക്കാരനാണെന്ന് ആവശ്യക്കാരോട് പറയും. എന്നാല്‍ അവരുടെ ജാതി ഏതെന്ന് വെളിപ്പെടുത്തില്ലെന്നുമാണ്.


എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രമേ ജാതിയ്ക്ക് പ്രാധാന്യം നല്‍കി ബീജം സ്വീകരിക്കുള്ളു. പൊതുവേ ബീജം സ്വീകരിക്കുന്നവര്‍ പുരുഷന്‍മാരുടെ വിദ്യാഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും കലാവാസനകളും എല്ലാമാണ് പരിഗണിക്കുക.


ബോളിവുഡ് സ്‌ററാറുകളുടേയൊക്കെ ബീജം ലഭിക്കാനായി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ തയ്യാറാകുന്നവരുമുണ്ടെന്നാണ് അറിയുന്നത്. ബീജം നല്‍കുന്നവരുടെ ഉയരവും വണ്ണവും നിറവും എല്ലാം പൊതുവേ എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ്.


ബീജത്തിന്റെ സാംപിള്‍ നല്‍കുന്നതിന് 500 രൂപ വെച്ച് നല്‍കിയിരുന്നെന്ന് ഡോ. ദിലീപ് പാട്ടീല്‍ പറയുന്നു. ആ പണത്തിന് വേണ്ടി പോലും ബീജം നല്‍കാനായി വരുന്നവര്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റ വെളിപ്പെടുത്തല്‍. ആദ്യമൊക്കെ അതിന് ആളുകള്‍ക്ക് മടിയായിരുന്നെന്നും താരതമ്യേന അതില്‍ മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ഇന്ത്യയിലെ ജാതി വിവേചനം സമൂഹത്തിന്റെ അടിത്തട്ടില്‍ വേരിറങ്ങിയിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്.

അവള്‍ അടുത്തുവന്നാല്‍ കത്തും!


വിയറ്റ്‌നാംകാരിയായ ഒരു പതിനൊന്നുകാരിയെ വീട്ടുകാര്‍ ഇപ്പോള്‍ ശരിക്കും ഭയന്നു തുടങ്ങിയിരിക്കുന്നു. കാരണം അവള്‍ അടുത്തു വന്നാല്‍ എന്തൊക്കെയാണ്‌ കത്തിയമരുക എന്ന്‌ പറയാനാവില്ല. അവളുടെ സാമീപ്യത്തില്‍ നേരത്തെയും പല വസ്‌തുക്കളും കാരണമില്ലാതെ കത്തിയമര്‍ന്നിട്ടുണ്ട്‌ എങ്കിലും മെയ്‌ 12 ന്‌ ഏകദേശം ്‌എല്ലാ വീട്ടുസാധനങ്ങളും കത്തിയമര്‍ന്നതാണ്‌ വീട്ടുകാരെ ശരിക്കും ഭയചകിതരാക്കിയിരിക്കുന്നത്‌.

മകള്‍ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ അടുത്ത്‌ എത്തിയാല്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉറപ്പാണെന്നാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പറയുന്നത്‌. മകളുടെ ശരീരത്തില്‍ നിന്നുളള ഊര്‍ജപ്രവാഹമാണ്‌ ഇതിനു കാരണമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. നേരത്തെ, വീട്ടിലെ ടോയ്‌ലറ്റ്‌ സീറ്റിനും ഇത്തരത്തില്‍ തീപിടിച്ചിരുന്നു. പെണ്‍കുട്ടിയുമൊത്ത്‌ വുങ്ങ്‌ തോ ബീച്ചില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാരണം ഹോട്ടല്‍ മുറി കത്തിയതും വീട്ടുകാര്‍ക്ക്‌ തലവേദനയായിരുന്നു. ഒരിക്കല്‍ അവളുടെ വസ്‌ത്രം കാരണമില്ലാതെ കത്തിയതും അവര്‍ ഓര്‍ക്കുന്നു.

മെയ്‌ 12 ന്‌ നടന്ന സംഭവത്തിനു ശേഷം വീട്ടുകാര്‍ കടുത്ത മുന്‍കരുതലാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വീട്ടിലെ ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകളും ഫര്‍ണിച്ചറുമെല്ലാം പെണ്‍കുട്ടിയുടെ സാമീപ്യമുണ്ടാകാത്ത വിധം പുനഃക്രമീകരിച്ചു. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപെടാന്‍ എല്ലാവരും വീടിന്റെ താക്കോല്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്‌. രാത്രി കിടന്നുറങ്ങാന്‍ പോലും ഭയമാണിവര്‍ക്ക്‌. വെളളം നിറച്ച ബക്കറ്റുകളും നനഞ്ഞ ടവ്വലുകളും സമീപത്ത്‌ വച്ചാണ്‌ ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്‌!

ടാന്‍ ബിന്‍ ജില്ലയിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. പെണ്‍കുട്ടിയുടെ സാമീപ്യം മൂലം തീപിടിച്ച വസ്‌തുക്കളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ എങ്കിലും പെണ്‍കുട്ടിയുടേയോ ബന്ധുക്കളുടെയോ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. വീട്ടുകാര്‍ പെണ്‍കുട്ടിയെ വിദഗ്‌ധ പരിശോധനക്ക്‌ വിധേയയാക്കിയപ്പോള്‍ തലച്ചോറിന്റെ വലതുഭാഗത്ത്‌ ഒരു പ്രത്യേക പ്രഭാ വലയം കണ്ടെത്തിയത്രെ. ഇതാവും അവളില്‍ അത്യപൂര്‍വ ഊര്‍ജപ്രവാഹത്തിനു കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

ഒരു കുറ്റാന്വേഷകന്‍റെ റെക്കോഡ് ബുക്...



രഹസ്യങ്ങള്‍ ഒളിച്ചുവച്ച് നിഗൂഢതകളിലേക്ക് വായനക്കാരെ വഴിനടത്തിയ ഷെര്‍ലക് ഹോംസിനെ ചരിത്ര പുരുഷനെന്നു വിശേഷിപ്പിക്കാമോ...? അന്വേഷണ കഥകളുടെ കാരണവരെ ഇനി അങ്ങനെയും വിളിക്കാം. ടിവി പരമ്പരകളിലും സിനിമകളിലും ഏറ്റവും കൂടുതല്‍ തവണ ചിത്രീകരിച്ച കഥാപാത്രം എന്ന ഖ്യാതി ഇനി ഷെര്‍ലക് ഹോംസിനു സ്വന്തം. ഇരുനൂറ്റമ്പത്തിനാലു തവണയാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഇതിഹാസ കഥാപാത്രം പ്രഗത്ഭരായ നടന്മാരുടെ അഭിനയ മികവില്‍ സ്ക്രീനിലെത്തിയത്. 

ബേസില്‍ റാത്ബോണ്‍, ജെബി ബ്രെറ്റ്, ബെനഡിക്റ്റ് കുംബര്‍ബാഷ്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ടോം ബേക്കര്‍... ഷെര്‍ലക് ഹോംസ് എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ എത്രയെത്ര താരങ്ങളുടെ മുഖമാണ് ഓര്‍മവരുന്നത്. ബുദ്ധിമാനായ ഒരു ഡിറ്റക്റ്റിവിനു പറ്റിയ മുഖം ഹോളിവുഡ് സംവിധായകര്‍ പല നടന്മാരില്‍ കണ്ടെത്തിയപ്പോള്‍ നോവല്‍ വായിക്കുന്ന ത്രില്ലില്‍ ലോകം അതു കണ്ടിരുന്നു. കോട്ടും തൊപ്പിയും വച്ച് ചുണ്ടില്‍ പൈപ്പുമായി നടന്നു വന്ന നടന്മാരെല്ലാം ഹോംസ് എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ചു. ദി ഹൗണ്ട് ഒഫ് ദ ബാസ്കര്‍വില്ലെസ് മുതല്‍ അഭ്രപാളിയില്‍ കണ്ടു തുടങ്ങിയ ഹോംസിനെ അഭ്രപാളിയില്‍ ചരിത്ര പുരുഷനാക്കുന്നത് ഹോളിവുഡ് നടന്മാരുടെ അഭിനയശേഷി കൂടിയാണ്. 

ഹാംലെറ്റിനു പോലും ഷെര്‍ലക് ഹോംസിനു മുന്നില്‍ തോറ്റു കൊടുക്കേണ്ടി വന്നിരിക്കുന്നു. നാല്‍പ്പത്തെട്ടു തവണ മാത്രമേ സിനിമ - സീരിയലുകളില്‍ ഹാംലെറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. എഴുപത്തഞ്ചു നടന്മാരാണ് ഇതുവരെ ഷെര്‍ലക് ഹോംസിനെ അവതരിപ്പിച്ചത്. 
എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ് എന്ന നോവലില്‍ 1887ല്‍ തുടങ്ങിയതാണ് ഹോംസിന്‍റെ അന്വേഷണങ്ങള്‍ക്കു പുറകെ വായനക്കാരുടെ നിലയ്ക്കാത്ത ഓട്ടം. 1890ല്‍ അമെരിക്കയിലാണ് സ്ക്രീനില്‍ ആദ്യമായി ഷെര്‍ലക്ഹോംസ് അവതരിപ്പിക്കപ്പെട്ടത്. 
ഷെര്‍ലക്ഹോംസ്ബാഫ്ള്‍ഡ് എന്ന ചിത്രം. മുപ്പതു സെക്കന്‍ഡ് നേരത്തെ നിശബ്ദ ചിത്രമായിരുന്നു അത്. പിന്നീടിങ്ങോട്ട് എഴുപത്തഞ്ച് അഭിനേതാക്കള്‍ അവതരിപ്പിച്ചു ആ വിഖ്യാത കഥാപാത്രത്തെ. ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചുവെന്നു മാത്രമല്ല ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രത്തിന് ലിറ്ററി ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നൊരു വിളിപ്പേരും ലഭിച്ചു. 


മൂന്നു വര്‍ഷം മുന്‍പ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചപ്പോഴും ഷെര്‍ലക് ഹോംസിന്‍റെ ആരാധകര്‍ പതിവുപോലെ കാത്തിരുന്നു പുതുമകള്‍. ഹോംസും വാട്സനും കൂടി സഞ്ചരിച്ച വഴി അഭ്രപാളിയിലും ഇതാ ചരിത്രമെഴുതിയിരിക്കുന്നു.

Thursday, May 17, 2012

പൂച്ചകളുടെ ചായക്കട


പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദേശങ്ങളില്‍ കറങ്ങുന്ന പൂച്ചകളെ കല്ലെടുത്ത് ഓടിച്ചു വിടാറാണു പതിവെങ്കിലും തൊണ്ടഭാഗ്യമുള്ള പൂച്ചകള്‍ക്കു പഴകിയ പലഹാരക്കഷണമോ മറ്റോ കിട്ടിയെന്നിരിക്കും. ഇത്രയൊക്കയേയുള്ളൂ, അതില്‍ക്കൂടുതല്‍ സ്ഥാനമൊന്നും ചായക്കടയിലും കാപ്പിക്കടയിലുമൊക്കെ പ്രതീക്ഷിച്ചേക്കരുത് ഒരു പൂച്ചയും. ഇതു നമ്മുടെ നാട്ടിലെ മാര്‍ജാരന്മാരുടെ അവസ്ഥ. എന്നാല്‍ നമുക്കു വിയന്നയിലെ അഞ്ചു വിഐപികളെ പരിചയപ്പെടാം, വണ്‍ മിസ്റ്റര്‍ ലൂക്ക, സോഞ്ച, തോമസ്, മോറിറ്റ്സ് ആന്‍ഡ് മോമോ. അഞ്ചു പേരും പൂച്ചകള്‍. വിയന്നയില്‍ ഈയടുത്ത് ആരംഭിച്ച ക്യാറ്റ് കഫേയിലെ പുതുതാരങ്ങള്‍. പതുക്കെ നടന്നു നീങ്ങുന്ന, കിടന്നുറങ്ങുന്ന, കടികൂടുന്ന പൂച്ചകളുടെ സാന്നിധ്യത്തില്‍ കാപ്പി ആസ്വദിച്ചു നുണഞ്ഞുറക്കുന്ന കണ്‍സെപ്റ്റാണു ക്യാറ്റ് കഫേയില്‍ പ്രാവര്‍ത്തികമാക്കുന്നത്. കഫേ നെക്കോ എന്നാണു പുതിയ സംരംഭത്തിനു നല്‍കിയിരിക്കുന്ന പേര്. 

കഫേയുടെ സൗന്ദര്യത്തില്‍ പൂച്ചകളെ തഴുകിയും തലോടിയും കാപ്പി കുടിക്കാം. ഇനി തൊടുന്നത് ഇഷ്ടമല്ലെങ്കില്‍ മാര്‍ജാരന്മാരുടെ കുസൃതിയും കളിയുമൊക്കെ ആസ്വദിക്കാം. ഒരു സേവനവും വേണ്ടെങ്കില്‍ പൂച്ചകള്‍ എവിടെയെങ്കിലും സ്വസ്ഥമായി ഉറങ്ങിക്കോളും. എങ്ങനെയായാലും കാപ്പി കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ പൂച്ചകളുടെ സാന്നിധ്യം അവിടെ ഉറപ്പിക്കാം. മറ്റു വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ പ്രചരിച്ചിരിക്കുന്ന ഈ പൂച്ചഫാഷന്‍ വിയന്നയില്‍ ഇതാദ്യം. അതുകൊണ്ടു തന്നെ ക്യാറ്റ് കഫേയുടെ അനുഭവം ആസ്വദിക്കാന്‍ ധാരാളം പേര്‍ എത്തുന്നു. മിക്കവര്‍ക്കും ഈ കണ്‍സെപ്റ്റ് ഇഷ്ടമാകുന്നുമുണ്ട്. അങ്ങനെ കസ്റ്റമേഴ്സ് മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, ആ അഞ്ചു പൂച്ചകളും തങ്ങളുടെ പുതിയ ഡ്യൂട്ടി ഏറെ കൃത്യതയോടെയും ആവശ്യക്കാരന്‍റെ ടേസ്റ്റ് അനുസരിച്ചും ചെയ്തു കൊടുക്കുന്നു. ഒപ്പം ലഭിക്കുന്ന ടേസ്റ്റി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്നു. 

എന്നാല്‍ വിയന്നയില്‍ ക്യാറ്റ് കഫേ തുടങ്ങുന്നത് അത്ര എളുപ്പമായിരുന്നില്ല. അധികൃതരുമായി മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍, എതിര്‍പ്പുകള്‍, ശുചിത്വം കൃത്യമായി പാലിക്കുമെന്ന ബോധ്യപ്പെടുത്തലുകള്‍. വിയന്ന സിറ്റി അധികൃതരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍. ഒടുവില്‍ കഠിന പ്രയത്നത്തിനു ശേഷമാണു അലക്സാണ്ടര്‍ ഥോറും ഭാര്യ ജാപ്പനീസുകാരി ടകാക്കോ ഇഷിമിറ്റ്സുവും ചേര്‍ന്നു ക്യാറ്റ് കഫേയുടെ കവാടങ്ങള്‍ തുറക്കുന്നത്. ക്യാറ്റ് കഫേ എന്നതു തന്‍റെ ഭാര്യയുടെ ഐഡിയ ആയിരുന്നെന്നു അലക്സാണ്ടര്‍. കഫേയുടെ കാര്യങ്ങള്‍ നോക്കുന്നതു ടകാക്കോ തന്നെ. കഫേ തുടങ്ങാന്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയങ്കിലും ധാരാളം ആളുകള്‍ എത്തുന്നതിലും, മനുഷ്യസാന്നിധ്യം പൂച്ചകള്‍ ആസ്വദിക്കുന്നതിലും വളരെയധികം സന്തോഷിക്കുന്നു ടകാക്കോ. 

കാപ്പിക്കൊപ്പം ഒരു പൂച്ച ആയാലെന്താ എന്ന ആശയം വിയന്നയില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്ന പലര്‍ക്കും നന്നേ ബോധിച്ചിട്ടുണ്ട്. ബിസിനസ് സാധ്യത മാത്രമല്ല, പൂച്ചകള്‍ക്കും സുഖമായി ജീവിക്കാനുള്ള വഴി ലഭിക്കുന്നു ക്യാറ്റ് കഫേയില്‍. അനിമല്‍ റെസ്ക്യൂ സെന്‍ററില്‍ നിന്നു ദത്തെടുത്ത അഞ്ചു പൂച്ചകളാണു ക്യാറ്റ് കഫേയില്‍ സേവനം അനുഷ്ഠിക്കുന്നത്. കഫേയില്‍ സ്വതന്ത്രമായി നടക്കുകയും ചെയ്യാം വയറു നിറച്ചു ഭക്ഷണം ലഭിക്കുകയും ചെയ്യും. ക്യാറ്റ് കഫേയില്‍ ജോലി ചെയ്താല്‍ രണ്ടുണ്ട് കാര്യമെന്നു പൂച്ചകള്‍ മനസിലാക്കി കഴിഞ്ഞു. ഭക്ഷണത്തില്‍ പൂച്ചയുടെ രോമം വീഴുമോ, അസുഖം വരുമോ എന്ന ആശങ്കകള്‍ക്കെല്ലാം സ്കോപ്പുണ്ട്. പക്ഷേ ക്യാറ്റ് കഫേ പതുക്കെ ഹിറ്റായിക്കൊണ്ടിരിക്കുന്നു വിയന്നയില്‍. എന്നാലൊരു കാര്യം, എല്ലാ അതിഥികള്‍ക്കും ക്യാറ്റ് കഫേയില്‍ പ്രവേശനമില്ല, ഉടമകളുടെ ഒപ്പം വരുന്ന നായകള്‍ പുറത്തു നില്‍ക്കുക തന്നെ വേണം.

Tuesday, May 15, 2012

പൂച്ചയെ രക്ഷിച്ചു:4 മരണം,21 പേര്‍ക്ക്‌ പരിക്ക്‌


തെരുവു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ നാലു പേരുടെ ജീവനെടുത്തു. റാസല്‍ ഖൈമയില്‍ നിന്നും ദുബയിലേക്കുള്ള യാത്രയില്‍ വഴിയില്‍ ഉണ്ടായിരുന്ന ഒരു പൂച്ചയെ വണ്ടിയിടിക്കാതെ ശ്രദ്ധിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ടത്‌ നാല്‌ ജീവന്‍, കൂടെ 21 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

മുഹമ്മദ്‌ സെയ്‌ഫ്‌ എന്നയാളാണ്‌ തന്റെ പൂച്ച സ്‌നേഹം കാരണം ഇത്ര വലിയഅപകടം വരുത്തി വെച്ചത്‌. ഇയാള്‍ ഇപ്പോള്‍ റാസല്‍ ഖൈമ ജയിലിലാണ്‌. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കാനായി 800,000 ദിര്‍ഹം പിഴയൊടുക്കാനും ഇയാളോട്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

പുലര്‍ച്ചെ റാസല്‍ ഖൈമയില്‍ നിന്നും ദുബയിലെ ജോലി സ്ഥലത്തേക്ക്‌ വരുന്ന വഴി വഴിയില്‍ കണ്ട പൂച്ചയുടെ മേല്‍ കാര്‍ ഇടിക്കാതെയിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു എന്നു മുഹമ്മദ്‌ സെയ്‌ഫ്‌ വിശദീകരിക്കുന്നു.

നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിടിച്ചതാണ്‌ മുഹമ്മദ്‌ സെയ്‌ഫിന്റെ കരുണാര്‍ദ്രമായ മനസ്സ്‌ ഇത്രയും ഗുരുതരമായ ഒരു അപകടത്തിലേക്ക്‌ വഴി വെച്ചത്‌.

മുഹമ്മദ്‌ സെയ്‌ഫ്‌ തന്നെയാണ്‌ താന്‍ കാരണം നാല്‌ പേര്‍ മരണപ്പെട്ടതായും 21 പേര്‍ക്ക്‌ പരിക്കേറ്റതായും അടുത്തുള്ള ആശുപത്രിയില്‍ ചെന്ന്‌ അറിയിച്ചത്‌. കുടുംബത്തിന്‌ ആശ്വാസമായി സെയ്‌ഫിന്‌ ജോലി കിട്ടിയിട്ട്‌ വെറും ഒരാഴ്‌ചയായപ്പോഴേക്കും അയാള്‍ ജയിലിലുമായി.

Saturday, May 12, 2012

കുട്ടിക്കുരങ്ങിനെ നായ ദത്തെടുത്തു!



തന്റെ കുഞ്ഞല്ല എങ്കിലും മിന്റുവിന്‌ കുരങ്ങന്റെ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌! തന്റെ ഏഴ്‌ കുഞ്ഞുങ്ങള്‍ക്കൊപ്പം മിന്റു എന്ന പെണ്‍പട്ടി ഒരു കുട്ടിക്കുരങ്ങിനെ കൂടി ദത്തെടുത്തു! ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന്‌ രക്ഷിക്കുന്നത്‌ വരെ മിന്റുവാണ്‌.

വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ബിഷ്വന്ത്‌പൂര്‍ ഗ്രാമമാണ്‌ മാതൃവാത്സല്യത്തിന്റെ അപൂര്‍വമായ കഥയ്‌ക്ക് വേദിയാവുന്നത്‌. ഷിപാര്‍ റേസ എന്ന ബ്രിട്ടീഷ്‌ ബംഗ്ലാദേശിയുടെ വളര്‍ത്തു നായയാണ്‌ മിന്റു. കഴിഞ്ഞമാസം, ഒരു നെല്‍പ്പാടത്തില്‍ നാശം കാട്ടിയ കുരങ്ങന്‍മാരെ ഓടിക്കുമ്പോഴാണ്‌ കുട്ടിക്കുരങ്ങ്‌ നാട്ടുകാരുടെ കൈയില്‍ പെട്ടത്‌. അന്നുമുതല്‍ എങ്ങനെയോ മിന്റു അതിന്റെ അമ്മയാവുകയായിരുന്നു.

കുട്ടിക്കുരങ്ങ്‌ മിന്റുവിന്റെ മക്കളോടൊപ്പം കളിക്കുകയും അവരോടൊപ്പം മുലകുടിക്കുകയും ചെയ്യുന്നു. ഈ അപൂര്‍വ സൗഹൃദം കാണുന്നതിനു വേണ്ടി വളരെ ദൂരത്തു നിന്നു പോലും ആളുകള്‍ ഷിപാര്‍ റേസയുടെ വീട്‌ തിരക്കിയെത്തുന്നു. അതേസമയം, കാഴ്‌ചക്കാരില്‍ ആരെങ്കിലും കുട്ടിക്കുരങ്ങനെ ശല്യപ്പെടുത്തിയാല്‍ മിന്റുവിന്റെ വിധം മാറും, അവര്‍ക്ക്‌ കടി കിട്ടുകയും ചെയ്യും!

ഏറ്റവും 'ഉപദ്രവകാരിയായ' അലാറം?


ലോകത്തിലെ ഏറ്റവും ഉപദ്രവകാരിയായ അലാറം ക്ലോക്ക്‌ ഏതെന്ന്‌ ചോദിച്ചാല്‍ ഇപ്പോള്‍ മറുപടിയുണ്ട്‌ - രാമോസ്‌ അലാറം ക്ലോക്ക്‌! പുലര്‍ കാലത്തെ ഉറക്കം ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ രാമോസ്‌ ശരിക്കും ഒരു ഉപദ്രവമായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

റാമോസില്‍ അലാറം അടിച്ചു തുടങ്ങുമ്പോള്‍ അത്‌ നിര്‍ത്തി കുറച്ചുനേരം കൂടി ഉറങ്ങാമെന്ന്‌ കരുതിയാല്‍ നിങ്ങള്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ പറയേണ്ടി വരും. കാരണം, ഈ ക്ലോക്കില്‍ ഒരു അലാറം സ്‌റ്റോപ്പ്‌ ബട്ടണ്‍ ഇല്ല! എന്നാല്‍ അതിന്റെ വൈദ്യുതി സപ്ലൈ അങ്ങ്‌ ഓഫ്‌ ചെയ്‌തേക്കാം എന്നാവും അടുത്ത ചിന്ത. അതും സാധിക്കില്ല, അണ്‍പ്ലഗ്‌ ചെയ്‌താലുടന്‍ അത്‌ ബാറ്ററിയില്‍ ഓടിത്തുടങ്ങും. ഇനി, അലാറം അടിക്കും മുന്നേ എടുത്ത്‌ റീസെറ്റ്‌ ചെയ്യാമെന്ന്‌ കരുതിയാലോ? നിങ്ങളുടെ മനമറിഞ്ഞതുപോലെ അത്‌ ബ്ലോക്കായിരിക്കും!

ചുരുക്കം പറഞ്ഞാല്‍ ഉറക്കഭ്രാന്തന്‍മാരുടെ എല്ലാ ഉപായങ്ങളും തടയുന്ന ഒരു അലാറം ക്ലോക്കാണിത്‌. ഇനി ഇത്‌ നിര്‍ത്തണമെങ്കില്‍ നിങ്ങളുടെ ഉറക്കം പോയിരിക്കും. ഇത്‌ നിര്‍ത്താന്‍ അടുത്ത മുറിയില്‍ സ്‌ഥാപിച്ചിരിക്കുന്ന ടെലിഫോണ്‍ മാതൃകയിലുളള കീപാഡില്‍ ഡിഫ്യൂസ്‌ കോഡ്‌ സ്വയ്‌പ് ചെയ്യണം. ഇത്രയും ചെയ്‌താല്‍ ആരുടെയായാലും ഉറക്ക േപോകുമെന്ന്‌ തീര്‍ച്ച! ന്യൂജഴ്‌സി സ്വദേശിയായ പോള്‍ സാമുവേല്‍ എന്ന 25 കാരനാണ്‌ ഈ കണ്ടുപിടുത്തത്തിനു പിന്നില്‍.

സൂര്യനടുത്ത്‌ പറക്കും തളിക!‍


തീക്കട്ടയില്‍ ഉറുമ്പരിക്കുമോ? ഇക്കാലത്ത്‌ അതും നടക്കുമെന്നാണ്‌ ഇപ്പോള്‍ ശാസ്‌ത്ര ലോകത്തും പുറത്തും നടക്കുന്ന ഒരു ചൂടേറിയ ചര്‍ച്ച സൂചിപ്പിക്കുന്നത്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന്‌ നാസയുടെ 'സോളാര്‍ ആന്‍ഡ്‌ ഹീലിയോസ്‌ഫെറിക്‌ ഒബ്‌സര്‍​േ​വറ്ററി'യുടെ ക്യാമറയില്‍ പതിഞ്ഞ ഒരു ദൃശ്യമാണ്‌ ചര്‍ച്ചാവിഷയം.

സൂര്യന്റെ ഉപരിതലത്തിനോട്‌ അടുത്ത്‌, ബഹിരാകാശവാഹനം എന്ന്‌ തോന്നിപ്പിക്കുന്ന ഒരു വസ്‌തുവിന്റെ ചിത്രം നാസയുടെ ക്യാമറയില്‍ പതിഞ്ഞതാണ്‌ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവച്ചത്‌. സൂര്യന്‌ അടുത്ത്‌ ഒരു കൃത്രിമ വസ്‌തുവോ? 9,900 ഫാരന്‍ഹീറ്റില്‍ ജ്വലിക്കുന്ന സൂര്യതാപത്തെ അതിജീവിക്കാന്‍ തക്ക ഒരു കണ്ടുപിടുത്തം ഈ ബ്രഹ്‌മാണ്ഡത്തില്‍ നടന്നോ? ആരായിരിക്കും ഇതിനു പിന്നില്‍? തുടങ്ങി അനേകം ചോദ്യങ്ങളാണ്‌ ഈ ചിത്രത്തെ ചൊല്ലി ഉയരുന്നത്‌.

ഏകദേശം ഒരു സ്‌പേസ്‌ ക്രാഫ്‌റ്റിനെപ്പോലെയാണ്‌ ഈ രൂപമെന്ന്‌ ചിലര്‍ വാദിക്കുന്നു. എന്തായാലും അന്യഗ്രഹ ജീവികള്‍ സഞ്ചരിക്കുന്ന പറക്കും തളികയാണിതെന്ന്‌ വിശ്വസിക്കാനാണ്‌ ഭൂരിഭാഗം ആളുകളും ഇഷ്‌ടപ്പെടുന്നത്‌! 

ഏകാന്ത ദ്വീപില്‍ നഗ്നനായി 20 വര്‍ഷം!



ജപ്പാന്‍കാരനായ മസാഫുമി നാഗസാക്കിയെക്കുറിച്ച്‌ അറിയൂ, അദ്ദേഹത്തിന്റെ ജീവിതം ആരിലും കൗതുകമുണര്‍ത്തും. എഴുപത്തിയാറുകാരനനായ മസാഫുമി കഴിഞ്ഞ 20 വര്‍ഷമായി ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഏകാന്തവാസം നടത്തുകയാണ്‌. ജീവിതത്തില്‍ ശേഷിക്കുന്ന കാലവും ഇത്തരത്തില്‍ കഴിയാനാണ്‌ ഇദ്ദേഹം ആഗ്രഹിക്കുന്നത്‌.

ദ്വീപില്‍ കഴിയുന്ന ഇദ്ദേഹം വസ്‌ത്രം ധരിക്കുന്നത്‌ വളരെ അപൂര്‍വമായി മാത്രമാണ്‌! അതായത്‌, ഭക്ഷണസാധനങ്ങളും വെളളവും ശേഖരിക്കാനായി ബോട്ടില്‍ മറുതീരം തേടുമ്പോള്‍ മാത്രമാണ്‌ മസാഫുമി വസ്‌ത്രം ധരിക്കുന്നത്‌. ഇത്തരത്തില്‍ മാസത്തില്‍ മൂന്നോ നാലോ യാത്രയാണ്‌ ഇദ്ദേഹം നടത്തുന്നത്‌.

ജപ്പാനിലെ ഒക്കിനാവയക്ക്‌ പടിഞ്ഞാറുളള സോട്ടോബനാറി ദ്വീപിലാണ്‌ മസാഫുമി ഏകാന്തവാസം നടത്തുന്നത്‌. ഇവിടെ ഒരു ചെറിയ ടെന്റും ഭക്ഷണം പാകം ചെയ്യാനുളള പാത്രങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്‌. സ്വന്തം തുഴച്ചില്‍ വളളത്തിലാണ്‌ അത്യാവശ്യ കാര്യങ്ങള്‍ക്ക്‌ മറുകരയിലേക്ക്‌ പോവുന്നത്‌.

വരം നല്‍കുന്ന അത്ഭുത മത്സ്യം!


ഇത്‌ ഒരു കെട്ടുകഥയല്ല. ക്രൊയേഷ്യയിലെ ഒസാല്‍ജ്‌ ടൗണില്‍ നിന്നുളള ഒരു മത്സ്യബന്ധനത്തൊഴിലാളി പറയുന്ന സംഭവകഥയാണിത്‌. തന്റെ വലയില്‍ സ്‌ഥിരമായി കുടുങ്ങുന്ന ഒരു സ്വര്‍ണമത്സ്യം തനിക്ക്‌ വരം നല്‍കുന്നു എന്ന്‌ വ്‌ളാദ്‌കൊ പെകാവര്‍ എന്ന മത്സ്യബന്ധനത്തൊഴിലാളി അവകാശപ്പെടുന്നു.

മത്സ്യബന്ധനത്തൊഴിലാളി പറയുന്ന കഥ ഇത്തരത്തിലാണ്‌. ഒരു ദിവസം കൂപാ നദിയില്‍ ഏറെനേരം ചെലവിട്ടുവെങ്കിലും ഒരു മത്സ്യത്തെയും കിട്ടാതെ വന്നപ്പോള്‍ താന്‍ വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുകയായിരുന്നു. അപ്പോള്‍, 10 കിലോ ഭാരമുളള ഒരു സ്വര്‍ണ മത്സ്യം വലയില്‍ കുടുങ്ങി. പ്രത്യേകതകളുളള മത്സ്യം കൗതുകമുണര്‍ത്തിയതിനാല്‍ അതിന്റെ ചിത്രമെടുത്ത ശേഷം നദിയിലേക്ക്‌ തന്നെ വിട്ടയച്ചു. 'ഇനിയും നിന്നെ പിടിക്കാന്‍ ഇടയാവട്ടെ' എന്ന്‌ പറഞ്ഞായിരുന്നു മത്സ്യത്തെ വിട്ടയച്ചത്‌ എന്നും പെകാവര്‍ പറയുന്നു.

എന്തായാലും, അതിനു ശേഷം ഏഴ്‌ തവണയാണ്‌ ഈ അത്ഭുത മത്സ്യം പെകാവറിന്റെ വലയില്‍ കുടുങ്ങിയത്‌. വീണ്ടും മത്സ്യം തനിക്ക്‌ പിടി തന്നതോടെ പെകാവര്‍ അതിന്റെ അത്ഭുത ശക്‌തിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്രേ. അതിനാല്‍, പിന്നീട്‌ ഓരോ തവണയും രഹസ്യമായി ഓരോ ആഗ്രഹം പറഞ്ഞ ശേഷമായിരുന്നു മത്സ്യത്തെ വിട്ടയച്ചത്‌. ഇതെല്ലാം സാധിച്ചു എന്നും പെകാവര്‍ അവകാശപ്പെടുന്നു.

പെകാവറിന്റെ കഥ കേട്ടതോടെ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളെല്ലാം അത്ഭുത മത്സ്യത്തിനായുളള തെരച്ചിലിലാണ്‌!

നഗ്നയായി ബൈക്കില്‍; പിഴ ഹെല്‍മറ്റില്ലാത്തതിന്‌!


റൊമേനിയയില്‍ ഒരു സ്‌ത്രീ സ്വാതന്ത്ര്യ പ്രകടനം നടത്തിയ രീതി അല്‍പ്പം കടന്നുപോയി. അവര്‍ പൂര്‍ണ നഗ്നയായി തന്റെ കാമുകന്റെ ബൈക്കിന്‌ പിന്നില്‍ ഇരുന്ന്‌ യാത്ര ചെയ്‌തു! നഗ്നയായി യാത്ര ചെയ്‌തതല്ല, അവരെ പിടികൂടിയ പോലീസ്‌ അവര്‍ക്ക്‌ നല്‍കിയ ശിക്ഷയാണ്‌ ഏറ്റവും രസകരം. നൂല്‍ വസ്‌ത്രം ധരിക്കാതെ യാത്ര ചെയ്‌ത അവരെ പിടികൂടിയ പോലീസ്‌ ഹെല്‍മറ്റ്‌ ധരിക്കാതെ യാത്രചെയ്‌തതിനാണ്‌ പിഴചുമത്തിയത്‌!

കോണ്‍സ്‌റ്റാന്റയില്‍ തിരക്കേറിയ നഗരത്തിലൂടെ കാമുകന്റെ ബൈക്കിനു പിന്നില്‍ കറങ്ങുമ്പോഴാണ്‌ നഗ്നയായ സ്‌ത്രീയെ പോലീസ്‌ പിടികൂടിയത്‌. എന്നാല്‍, ട്രാഫിക്‌ പോലീസാണ്‌ പിടികൂടിയതെന്നതിനാല്‍ ട്രാഫിക്‌ നിയമം തെറ്റിക്കുന്നതിനല്ലാതെ ശിക്ഷ നല്‍കാനാവില്ലല്ലോ. ഹെല്‍മറ്റ്‌ ധരിക്കാതെ യാത്ര ചെയ്‌തതിന്‌ സ്‌ത്രീക്ക്‌ മുന്നറിയിപ്പ്‌ ലഭിച്ചു, നാമമാത്രമായ പിഴയും. പോലീസ്‌ നടപടിക്ക്‌ ശേഷം 'കൂളായി' ഹെല്‍മറ്റ്‌ എടുത്ത്‌ വച്ച്‌ അവര്‍ പിറന്നപടി യാത്ര തുടരുകയും ചെയ്‌തു!

എന്തായാലും അവര്‍ കടന്നൂ പോകുന്നിടത്തെല്ലാം ഗതാഗതക്കുരുക്ക്‌ ഉണ്ടായി എന്ന്‌ പറഞ്ഞാല്‍ അതില്‍ അതില്‍ അത്ര വലിയ അതിശയോക്‌തി കാണേണ്ടതില്ല. കാരണം, മറ്റു വാഹനങ്ങളില്‍ വന്നവരും കാല്‍നടക്കാരും എല്ലാം ഈ അപൂര്‍വ കാഴ്‌ച മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുകയായിരുന്നുവത്രെ!

3.7 മൈല്‍ നീളമുളള ഖുറാന്‍!


ഒരു ഖുറാന്‍ വിസ്‌മയത്തിനു കൂടി ലോകത്തിന്‌ കാത്തിരിക്കാം. ലോകത്തിലെ ഏറ്റവും നീളമുളള ഖുറാന്‍ കൈയെഴുത്തുപ്രതി ഇറാഖില്‍ തയ്യാറാവുന്നു. ഇരുപത്തിയഞ്ചുകാരനായ ഹുസൈന്‍ അല്‍-ഖര്‍സാന്‍ എഴുതുന്ന ഖുറാന്‌ 5,500 മുതല്‍ 6000 മീറ്റര്‍ വരെ നീളമുണ്ടാവും. അതായത്‌ 3.4 മൈല്‍ മുതല്‍ 3.7 മൈല്‍ വരെ നീളം. ഈ സൃഷ്‌ടിയിലൂടെ ഗിന്നസ്‌ റിക്കോഡ്‌ സ്വന്തമാക്കുകയാണ്‌ ഖര്‍സാന്റെ ലക്ഷ്യം.

പരമ്പതാഗത രീതിയില്‍ തൂവല്‍ പേന ഉപയോഗിച്ചാണ്‌ ഖുറാന്‍ രചന നടത്തുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ ഖുറാന്‍ വിസ്‌മയം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ്‌ കരുതുന്നത്‌. രണ്ട്‌ മാസം മുമ്പാണ്‌ ഖര്‍സാന്‍ ഖുറാന്‍ പകര്‍ത്തി തുടങ്ങിയത്‌. തുടക്കത്തില്‍, ദിവസം 16 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, കടുത്ത കഴുത്ത്‌ വേദന ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ ജോലിസമയം ദിവസം അഞ്ചു മണിക്കൂറാക്കി ചുരുക്കി. പൂര്‍ത്തിയായാലുടന്‍ ഈ ഖുറാന്‍ നജാഫ്‌ നഗരത്തില്‍ പ്രദര്‍ശിപ്പിക്കാനാണ്‌ പദ്ധതി.

ഏറ്റവും വലിയ ഖുറാന്‍ റഷ്യയിലാണ്‌. ഇതിന്‌ 6.5 അടി നീളവും നാല്‌ അടി 11 ഇഞ്ച്‌ വീതിയും ഉണ്ട്‌. ഏറ്റവും ചെറിയ ഖുറാന്‍ പാകിസ്‌താനിലാണ്‌. ഇതിന്‌ 1.7 സെന്റീമീറ്റര്‍ നീളവും 1.3 സെന്റീമീറ്റര്‍ വീതിയുമാണുളളത്‌.

വൈറ്റ്‌ഹൗസിന്‌ എന്താ വില?


വാങ്ങുകയാണെങ്കില്‍ വൈറ്റ്‌ഹൗസ്‌ പോലെയൊരു ആഡംബര മന്ദിരം തന്നെ വാങ്ങണം! ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്‌നമാണ്‌ ഇതെങ്കിലും യു.എസിന്റെ ഈ അഭിമാന മന്ദിരത്തിന്‌ എന്ത്‌ വിലവരും എന്ന്‌ ചിന്തിച്ചിട്ടുണ്ടോ?

1800 മുതല്‍ യു.എസ്‌ പ്രസിഡന്റുമാരും അവരുടെ കുടുംബവും താമസിച്ചുവരുന്ന വൈറ്റ്‌ഹൗസിന്‌ ഓപ്പണ്‍ മാര്‍ക്കറ്റില്‍ കുറഞ്ഞത്‌ 11 കോടി ഡോളര്‍ വില ലഭിക്കുമെന്നാണ്‌ ജാസണ്‍ കോയിറ്റ്‌സ് എന്ന പ്രമുഖ റിയല്‍ എസ്‌റ്റേറ്റ്‌ സ്‌റ്റ്രാറ്റജിസ്‌റ്റിനെ ഉദ്ധരിച്ച്‌ 'ദ ന്യൂയോര്‍ക്ക്‌ ഡെയ്‌ലി ന്യൂസ്‌' റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വാഷിംഗ്‌ടണില്‍ ഏറ്റവും പോഷ്‌ ആയ വീടിന്‌ 4.5 കോടി ഡോളറാണ്‌ ലഭിച്ചത്‌ എന്നും കോയിറ്റ്‌സ് പറയുന്നു. ഈ വീടിന്‌ 21,000 ചതുരശ്ര അടിയാണ്‌ വിസ്‌തീര്‍ണ്ണം. അതേസമയം, 55,000 ചതുരശ്ര അടിയാണ്‌ വൈറ്റ്‌ ഹൗസിന്റെ വിസ്‌തീര്‍ണ്ണം.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ 132 മുറികളാണുളളത്‌. 35 ബാത്ത്‌റൂമുകളും 28 ഫയര്‍ പ്ലേസുകളും ഉളള ഈ അത്യാഡംബര മന്ദിരത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്‌ ടെന്നിസ്‌ കോര്‍ട്ട്‌ മൂവി തിയേറ്റര്‍ നീന്തല്‍ക്കുളം തുടങ്ങിയ സൗകര്യങ്ങളും ഏകോപിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ 212 വര്‍ഷങ്ങള്‍ക്കിടെ ഒമ്പത്‌ തവണയാണ്‌ വൈറ്റ്‌ഹൗസ്‌ പുതുക്കിപ്പണിഞ്ഞിരിക്കുന്നത്‌. ഇനി, അമേരിക്കയുടെ അഭിമാനമന്ദിരത്തിന്റെ ചരിത്രപരമായ സ്‌ഥാനം കൂടി കണക്കിലെടുത്താല്‍ 100 കോടി ഡോളറെങ്കിലും വില ലഭിക്കുമെന്നും കോയിറ്റ്‌സ് പറയുന്നു. എന്തായാലും, വൈറ്റ്‌ഹൗസ്‌ വിറ്റാല്‍ മോശമല്ലാത്ത വില ലഭിക്കുമെന്ന്‌ ഉറപ്പാണ്‌!

ക്ലാസ്സില്‍ പോയി ഗിന്നസില്‍ കയറാം!‍


പഠിക്കാന്‍ വിട്ടാല്‍ ആത്മാര്‍ഥമായി സ്‌കൂളില്‍ പോകുന്ന എത്ര വിദ്യാര്‍ഥി സുഹൃത്തുക്കള്‍ കാണും? ഒരു ദിവസമെങ്കിലും ക്ലാസ്സില്‍ പോകാതെ മടിപിടിച്ചിരിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍, കഴിഞ്ഞ 14 വര്‍ഷത്തിനിടയ്‌ക്ക് ഒരിക്കലും ക്ലാസ്‌ കട്ട്‌ ചെയ്യാതിരുന്ന ഒരു വിദ്യാര്‍ഥിയുണ്ട്‌- കാണ്‍പൂരിലെ സെന്റ്‌ അലോഷ്യസ്‌ സ്‌കൂളിലെ മുഹമ്മദ്‌ ഒമര്‍. ഇദ്ദേഹം തന്റെ അപൂര്‍വ നേട്ടത്തിന്റെ പേരില്‍ ഗിന്നസ്‌ റെക്കോഡ്‌ സ്വന്തമാക്കാനുളള ശ്രമത്തിലാണ്‌.

കഴിഞ്ഞ മാസമാണ്‌ ഒമര്‍ 12-ാം ക്ലാസ്സ്‌ പരീക്ഷ എഴുതിയത്‌. പത്താം തരം വരെ ബോധപൂര്‍വമല്ലായിരുന്നു ഒമര്‍ ക്ലാസ്സ്‌ മുടക്കാതിരുന്നത്‌. എന്നാല്‍, പത്തില്‍ കടന്നപ്പോള്‍ ഇനി ക്ലാസ്‌ മുടക്കില്ല എന്ന്‌ ദൃഢപ്രതിജ്‌ഞ എടുക്കുകയായിരുന്നു എന്നും ഒമര്‍ പറയുന്നു.

തങ്ങള്‍ താമസിക്കുന്ന കാണ്‍പൂരിലെ ടെക്ക്‌ബാഗ്‌ പ്രദേശം വെളളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയാലും ഒമര്‍ ക്ലാസ്സില്‍ പോക്ക്‌ മുടക്കിയിരുന്നില്ല. അസുഖമായാല്‍ ഗുളിക കഴിച്ച ശേഷം ക്ലാസ്സിലേക്ക്‌ പോകുമായിരുന്നു എന്നും ഒമറിന്റെ പിതാവ്‌ മൊഹമ്മദ്‌ ഇക്രം പറയുന്നു. എന്നാല്‍, തന്റെ ഈ നേട്ടത്തിന്റെ പിന്നില്‍ ക്ലാസ്സ്‌ മുടക്കരുത്‌ എന്നഅമ്മയുടെ ഉപദേശമാണെന്ന്‌ ഒമര്‍ പറയുന്നു.

എന്തായാലും ഈ നേട്ടത്തിന്റെ യാത്രയില്‍ ഒമര്‍ ഒറ്റക്കാവില്ല. ഇപ്പോള്‍ പത്തില്‍ പഠിക്കുന്ന ഒമറിന്റെ ഇളയ സഹോദരനും ഇതുവരെയായും ക്ലാസ്സ്‌ മുടക്കിയിട്ടില്ല!

സൂര്യന്‍ ശക്‌തി നല്‍കിയില്ല, പട്ടിണി മരണം!


ലോകത്തെ വിസ്‌മയിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ത്യന്‍ ആത്മീയ മേഖലയില്‍ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഭക്ഷണവും വെളളവുമില്ലാതെ സൂര്യപ്രകാശത്തില്‍ നിന്നുളള ഊര്‍ജം കൊണ്ട്‌ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന രീതിയും ഇത്തരത്തില്‍ ഒരു ആത്മീയ വിസ്‌മയമാണ്‌. ഇത്‌ കാലകാലങ്ങളായി വിദേശികളെ ആകര്‍ഷിക്കുന്ന ഒരു സംഗതിയാണ്‌. അതിനാല്‍, പലരും ഇത്‌ പരീക്ഷിക്കാറുമുണ്ട്‌. എന്നാല്‍, ഈ രീതി പരീക്ഷിച്ച ഒരു സ്വിസ്‌ വനിതയുടെ അന്ത്യം അതിദാരുണമായിരുന്നു, അവര്‍ പട്ടിണികിടന്ന്‌ മരിച്ചു!

കൊല്ലപ്പെട്ട വനിതയുടെ ശരിക്കുളള പേര്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്നാ ഗട്ട്‌ എന്ന പേരിലാണ്‌ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചത്‌. മൈക്കല്‍ വെര്‍നര്‍ (62), പ്രഹ്‌ളാദ്‌ ജനി (84) എന്നിവരെ കുറിച്ചുളള ഒരു ഡോക്യുമെന്ററി കണ്ടതാണ്‌ അന്നയെ ആഹാരവും വെളളവും ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനു ശേഷം അവര്‍ എലന്‍ ഗ്രീവ്‌ ഈ വിഷയത്തില്‍ എഴുതിയ പുസ്‌തകം വായിക്കുകയും അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്‌തു.

ആദ്യത്തെ ഒരാഴ്‌ച തുപ്പല്‍ പോലും ഇറക്കാതെ കഠിനമായ നിരാഹാരം. അടുത്ത രണ്ടാഴ്‌ച ദ്രവ രൂപത്തിലുളള ഭക്ഷണം മാത്രം കഴിച്ച അന്നയുടെ ശാരീരിക സ്‌ഥിതി വളരെ മോശമായിരുന്നു. ഇതില്‍ അവരുടെ മക്കള്‍ ആശങ്ക പ്രകടിപ്പിച്ചു എങ്കിലും ആരോഗ്യം തീരെ മോശമാവുകയാണെങ്കില്‍ താന്‍ പരീക്ഷണം അവസാനിപ്പിക്കാം എന്ന്‌ പറഞ്ഞ്‌ അവരെ മടക്കിയയച്ചു. എന്നാല്‍, ഒരു ദിവസം അവര്‍ ഫോണ്‍ കോളുകളോട്‌ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പരിഭ്രാന്തരായ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ അന്ന മരിച്ചു കിടക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌!

അന്ന മാതൃകയാക്കിയ പ്രഹ്‌ളാദ്‌ ജനി ഇന്ത്യന്‍ യോഗിയാണ്‌. ഇദ്ദേഹം കഴിഞ്ഞ 70 വര്‍ഷക്കാലമായി ഈശ്വരനില്‍ നിന്നുളള ഊര്‍ജം ഉപയോഗിച്ചാണ്‌ ജീവിക്കുന്നത്‌ എന്നാണ്‌ അവകാശപ്പെടുന്നത്‌. ഒരിക്കല്‍ ഇദ്ദേഹത്തെ പത്ത്‌ ദിവസത്തോളം വിദഗ്‌ധ ഡോക്‌ര്‍മാര്‍ നിരീക്ഷണത്തിന്‌ വിധേയനാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ല എന്ന്‌ മാത്രമല്ല വെളളം ഉപയോഗിച്ചത്‌ കുളിക്കുന്നതിനും വായ കഴുകുന്നതിനും വേണ്ടി മാത്രമായിരുന്നു! ഈ സമയത്ത്‌ അദ്ദേഹം മലമൂത്ര വിസര്‍ജനവും നടത്തിയിരുന്നില്ല.

ആഹാരമില്ലാതെ ജീവിക്കാനുളള കഴിവ്‌ തന്റെ പന്ത്രണ്ടാം വയസ്സില്‍ ഈശ്വരന്‍ നേരിട്ട്‌ തന്ന സിദ്ധിയാണെന്നാണ്‌ യോഗിയുടെ അവകാശവാദം.

മേഘ രാഗത്തില്‍ ഒരു കൂട്ട പ്രാര്‍ത്ഥന; പാടിത്തീര്‍ന്നാല്‍ ഉടന്‍ മഴ...!!!!!


പാടി തീര്‍ന്നാലുടന്‍ മഴ പെയ്യുമെന്ന്‌ വിശ്വസിക്കപ്പെടുന്ന മേഘരാഗത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ! തിരിജഞാനസംബന്ധര്‍ എന്ന തമിഴ്‌ സന്യാസി ഒരുക്കിയ ഈ രാഗം പാടി മുഴുമിക്കുമ്പോള്‍ മുഖത്തേക്ക്‌ മഴ തുള്ളിതുളുമ്പി പെയ്യുമത്രേ. വിശ്വസിച്ചാലും ഇല്ലെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ശിവഭക്‌തര്‍ മഴ പെയ്യിക്കാന്‍ ഈ രാഗത്തില്‍ നടത്തുന്ന കൂട്ട പ്രാര്‍ത്ഥന ഫലിക്കാറുണ്ടെന്നാണ്‌ വിശ്വാസികള്‍ പറയുന്നത്‌.

കോയമ്പത്തൂരിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രാമീണര്‍ കൃഷിഭൂമി ഉണങ്ങി വരളുമ്പോള്‍ വെള്ളിയാനഗിരി മുകളിലേക്ക്‌ തീര്‍ത്ഥാടനം നടത്തി ഈ രാഗത്തില്‍ നടത്തുന്ന കൂട്ട പ്രാര്‍ത്ഥനയും പൂജയും തമിഴ്‌നാട്ടില്‍ ഏറെ പ്രസിദ്ധമാണ്‌. എല്ലാ വര്‍ഷവും ഇത്‌ നടത്താറുമുണ്ട്‌. ബുധനാഴ്‌ച ഈ പരിപാടിയുടെ 27 ാം വര്‍ഷ പ്രാര്‍ത്ഥനയായിരുന്നു. പ്രാര്‍ത്ഥന തീര്‍ന്നപ്പോള്‍ തന്നെ ശക്‌തമായ മഴയും പെയ്‌തു.

കൃഷി ഇറക്കാന്‍ സമയമാകുന്നതോടെ കൃഷിക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന നടത്തുന്ന ഈ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്‌ പെരൂര്‍ അധീനവും തൊണ്ടമുത്തൂര്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും ചേര്‍ന്നായിരുന്നു. കടല്‍ നിരപ്പില്‍ നിന്നും 6,500 മീറ്റര്‍ ഉയരെയുള്ള മല മുകളിലേക്ക്‌ കാല്‍നടയായിട്ടാണ്‌ വിശ്വാസികള്‍ കയറാറുള്ളത്‌. ഏകദേശം 15 കിലോമീറ്ററിലധികം ദൂരം താണ്ടാന്‍ മണിക്കൂറുകള്‍ എടുക്കും. അവിടെയെത്തുന്ന വിശ്വാസികള്‍ ശിവപൂജയോടെ കൂട്ട പ്രാര്‍ത്ഥന നടത്തും.

സംസ്‌കൃതത്തിന്‌ പകരം പൂജകളെല്ലാം തമിഴിലാണ്‌. പങ്കാളികളാകുന്നവര്‍ക്ക്‌ പ്രാര്‍ത്ഥന മനസ്സിലാകാനാണ്‌ ഇത്‌. ഇത്തവണ ഏകദേശം 1,500 ല്‍ അധികം വിശ്വാസികള്‍ മലമുകളില്‍ ഒരേ മനസ്സോടെ മേഘരാഗം ആലപിച്ചു. തിരിച്ച്‌ മലയിറങ്ങുമ്പോള്‍ തന്നെ മഴ തുടങ്ങിയതായി പങ്കാളികളായവര്‍ പറയുന്നു. ഇത്‌ വെറുമൊരു പ്രാര്‍ത്ഥന മാത്രമല്ല. കൃഷിക്കാര്‍ക്ക്‌ പരസ്‌പരം പരിചയപ്പെടാനും തങ്ങളുടെ വിളയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനുമുള്ള അവസരം കൂടിയാണെന്നാണ്‌ സംഘാടകര്‍ പറയുന്നത്‌. പ്രാര്‍ത്ഥനയ്‌ക്ക് പിന്നാലെ കൃഷിയിറക്കാനും തുടങ്ങും 

ഫസ്റ്റ് ലേഡി..ഒരു പ്രോട്ടോകോള്‍ പ്രതിസന്ധി

ഇതാ തുടങ്ങി എലിസീ കൊട്ടാരത്തിന്‍റെ അന്തപ്പുരത്തില്‍ വാക്കുകള്‍കൊണ്ട് ഉന്തും തള്ളും. ഫ്രാന്‍സിലെ പത്രക്കാരുടെ ഏഷണിയാണ് എല്ലാറ്റിനും കാരണം. സര്‍ക്കോസിയുടെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യമായി സര്‍ക്കോസി ഇന്ത്യയിലേക്കു വരുമ്പോള്‍ എന്തൊക്കെ പൊല്ലാപ്പുകളായിരുന്നു. പ്രസിഡന്‍റിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷയെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് പ്രസിഡന്‍റിന്‍റെ കൂട്ടുകാരിയെ എവിടെ പാര്‍പ്പിക്കും എന്നതിനെക്കുറിച്ചായിരുന്നു. കല്യാണം കഴിയാതെ ആണും പെണ്ണും ഒരു മുറിയില്‍ കഴിയുന്നത് ഇന്ത്യക്കാരുടെ സംസ്കാരത്തെ അപമാനിക്കലാണെന്നു പറഞ്ഞപ്പോള്‍ സര്‍ക്കോസി ആകെ അങ്കലാപ്പിലായി. അധികാരത്തിലേറിക്കഴിഞ്ഞാല്‍ താജ്മഹല്‍ കാണിച്ചുകൊടുക്കാമെന്നു കാര്‍ലയ്ക്കു കൊടുത്ത വാക്കാണു പാഴാവുന്നത്.... ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയില്‍ ഒറ്റയ്ക്കു വിമാനം കയറിയ സര്‍ക്കോസി ഫ്രാന്‍സിലെത്തിയ ശേഷം തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ലയ്ക്കു മിന്നുകെട്ടി. രണ്ടു മാസത്തിനുള്ളില്‍ ദമ്പതികള്‍ സന്തോഷത്തോടെ ഡല്‍ഹിയില്‍ വന്ന് താജും യമുനയും കണ്ടു മടങ്ങി... 
മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഹണിമൂണ്‍ ട്രിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവാന്‍ കാരണം ഫ്രാങ്കോയിസ് ഹോളണ്ടെയും കൂട്ടുകാരി വലേറി ട്രിയര്‍വീലറും വിവാഹം കഴിച്ചിട്ടില്ല എന്നതാണ്. സൗദിയിലും ദുബായിലും ഇന്ത്യയിലുമൊക്കെ ഈ നിത്യഹരിത പ്രണയിതാക്കള്‍ എങ്ങനെ ഒരുമിച്ചു യാത്ര ചെയ്യും...? കല്യാണം കഴിക്കാതെയുള്ള യാത്ര ഈ രാജ്യങ്ങളിലെ പ്രോട്ടോകോളിനു വിരുദ്ധമാണ്. നിര്‍ബന്ധമായും ഇവര്‍ കല്യാണം കഴിക്കേണ്ടിവരും. അല്ലെങ്കില്‍, വാമഭാഗം അലങ്കരിക്കാന്‍ ആളില്ലാതെ യാത്ര നടത്തേണ്ടിവരും ഫ്രാങ്കോയിസ്. ആദ്യ ജീവിതപങ്കാളിയായിരുന്ന സെഗോലിന്‍ റോയലിനെ ഉപേക്ഷിച്ചാണു ട്രിയറിനെ ഫ്രാങ്കോയിസ് പ്രണയിച്ചത്. സെഗോലിനുമൊത്തുള്ള ജീവിതത്തില്‍ ഫ്രാങ്കോയിസിന് നാലു മക്കളുണ്ട്. അച്ഛന്‍റെ വിജയം ആഘോഷിക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 
കെ.ആര്‍. നാരായണന്‍ പ്രസിഡന്‍റ് സ്ഥാനത്തു നിന്നു മാറിയശേഷം ഇന്ത്യക്കൊരു ഫസ്റ്റ് ലേഡിയുണ്ടായിട്ടില്ല. എ.പി.ജെ. അബ്ദുള്‍ കലാം വിവാഹം കഴിക്കാത്തതുകൊണ്ട് രാഷ്ട്രപതി ഭവനില്‍ പ്രഥമ വനിതയുടെ കസേര ഒഴിഞ്ഞു കിടന്നു. പ്രതിഭാ പാട്ടീല്‍ ഇനിയും വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോഴും ഇന്ത്യന്‍ പ്രസിഡന്‍റ് എന്നല്ലേ പറയാന്‍ പറ്റൂ. പുതിയ പ്രസിഡന്‍റ് അധികാരത്തിലേറിയാലും ഇന്ത്യയ്ക്ക് എവിടെയും പ്രോട്ടോകോള്‍ പ്രശ്നം നേരിടേണ്ടി വരില്ല... പക്ഷേ ഇവിടെയെത്തുന്ന വിദേശ പ്രസിഡന്‍റുമാരുടെ കാര്യത്തിലാണു പ്രശ്നം. അതുകൊണ്ടാണ് എലിസീ കൊട്ടാരം ഇന്ത്യയെക്കുറിച്ച് തുടര്‍ച്ചയായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ട്രിയറിനും ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടാകില്ലേ ഫ്രാങ്കോയിസ്....!
മോഡലായിരുന്ന മുന്‍ ഫസ്റ്റ് ലേഡിയെ സൗന്ദര്യംകൊണ്ടു മറികടക്കും പുതിയ പ്രഥമ വനിത എന്നാണു ഫ്രാന്‍സിലെ മാധ്യമങ്ങള്‍ എഴുതിയത്. പക്ഷേ, വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ആ സൗന്ദര്യം മാത്രം പോരല്ലോ. പ്രോട്ടോകോള്‍ പാലിക്കാന്‍ ഉടന്‍തന്നെ ഒരു കല്യാണപ്പന്തലൊരുക്കുമോ ട്രെയറും ഫ്രാങ്കോയിസും....? 
മാധ്യമങ്ങളുടെ ഈ ആശങ്കയൊന്നും ട്രിയറിനില്ല. മാസികകളിലും പത്രത്തിലുമൊക്കെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇതൊക്കെ വെറും കഥകളായിട്ടേ കരുതുന്നുള്ളൂ ട്രിയര്‍. മാത്രമല്ല, തന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതു നേരിടാന്‍ നന്നായിട്ടറിയാം ട്രിയര്‍ എന്ന പത്രപ്രവര്‍ത്തകയ്ക്ക്. പാരിസ് മാച്ച് എന്ന മാസികയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തകന്‍ മോശമായി എന്തോ പറഞ്ഞു. ആരാണ് എന്താണ് എന്നൊന്നും നോക്കാതെ അയാളുടെ കരണത്തടിച്ചു ട്രിയര്‍. അന്ന് ഫ്രാന്‍സിലെ പത്രപ്രവര്‍ത്തകര്‍ റോട്ട്വീലര്‍ എന്നു ചെല്ലപ്പേരിട്ടു ട്രിയറിന്. 
താന്‍ ജോലി ചെയ്യുന്ന മാസികയില്‍ കവര്‍ ഫോട്ടൊ വരാനുള്ള ഭാഗ്യം ലഭിക്കുന്ന അപൂര്‍വം വ്യക്തികളിലൊരാളാണു ട്രിയര്‍. ഫ്രാങ്കോയിസ് ഹോളണ്ടെയുടെ കമനീയമായ സ്വത്ത് എന്ന ഹെഡ്ഡിങ്ങോടെയാണ് കഴിഞ്ഞ ദിവസം ട്രിയറുടെ ചിത്രം മാസിക പ്രസിദ്ധീകരിച്ചത്. 
മുസ്ലിം രാഷ്ട്രങ്ങളിലേക്കും ഇന്ത്യയിലേക്കുമുള്ള യാത്രയില്‍ നിങ്ങളെങ്ങനെ ഒരുമിച്ചുപോകും...? മാധ്യമങ്ങളുടെ ചോദ്യം. അതിനെക്കുറിച്ചൊന്നും എനിക്ക് ആശങ്കയില്ലെന്നു പറഞ്ഞു ട്രിയര്‍. വത്തിക്കാനില്‍ പോയി മാര്‍പ്പാപ്പയെ കാണേണ്ടിവന്നാലോ...? തത്ക്കാലം അത്രത്തോളം പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കില്ലെന്നു പറഞ്ഞൊഴിഞ്ഞു ട്രിയര്‍.

Monday, May 7, 2012

പെണ്‍ ചെമ്പോത്ത് "ആണാ'യി

കൂട്ടത്തില്‍ സുന്ദരിയായിരുന്ന വെള്ളി ചെമ്പോത്തിനു പെട്ടൊന്നൊരു ദിനം ആണിന്‍റെ ശൗര്യം. തലയില്‍ പൂവ് വളരുന്നു. മുട്ടയിടല്‍ നിര്‍ത്തി. മഴക്കാറു കണ്ടാല്‍ പീലിവിരിക്കാമെന്നുമായി. ഡോക്റ്ററെ വരുത്തി പരിശോധന നടത്തിയ മൃഗശാലാ അധികൃതര്‍ക്കു ലഭിച്ചത് "സര്‍പ്രൈസ് ഉത്തരം'. ഇനി അവളല്ല, അവനെന്നു പറഞ്ഞാല്‍ മതി. വെള്ളി ചെമ്പോത്ത് ആണായി മാറിയിരിക്കുന്നു.

ഉത്തര്‍പ്രദേശ് തലസ്ഥാനത്തെ മൃഗശാലയിലാണു ചെമ്പോത്തുകളുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ലിംഗമാറ്റം. മാസങ്ങളായി ഈ ചെമ്പോത്തിന്‍റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മൃഗശാലാ ഡയറക്റ്റര്‍ രേണു സിങ്. 

""മുഷിഞ്ഞ ബ്രൗണ്‍ നിറം മാറിവരുന്നതു കണ്ടപ്പോള്‍ ആദ്യം അസുഖമായിരിക്കുമെന്നോ നിറം മാറ്റം സംഭവിക്കുന്നതാണെന്നോ ഒക്കെയാണു കരുതിയത്. പക്ഷേ, മുട്ടയിടല്‍ നിര്‍ത്തിയപ്പോള്‍ സംശയമായി. ഒടുവില്‍ മുന്‍പു തന്‍റെ ഇണയായിരുന്ന ആണ്‍ ചെമ്പോത്തിനോട് ശണ്ഠ കൂടിയപ്പോഴാണു ഗൗരവം തോന്നിയത്''- രേണു സിങ് പറഞ്ഞു. 

എന്തായാലും, ഇരുപത്തിമൂന്നാം വയസില്‍ പുരുഷനായി മാറിയ ചെമ്പോത്തിന് ഇണയെയും കൂടും സംഘടിപ്പിച്ചുകൊടുത്തു മൃഗശാലാ അധികൃതര്‍. ഇല്ലെങ്കില്‍ "പുതിയ പുരുഷന്‍' ഇണയ്ക്കുവേണ്ടി തല്ലുണ്ടാക്കിയാലോ. രണ്ട് ആണ്‍ ചെമ്പോത്തുകള്‍ ഒരു കൂട്ടില്‍ ഇണയെ പങ്കുവച്ചു കഴിയുക പതിവില്ലല്ലോ.

39 ഭാര്യമാരുള്ള സയോണ


Sayona With wives
ഭാര്യമാരും 94 മക്കളുമായി ജീവിക്കുന്ന ഇന്ത്യക്കാരന്‍ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് 2011ലെ 11 റിപ്പോര്‍ട്ടുകളില്‍ ഇടംകണ്ടു. മിസോറമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന സയോണ ചനയെക്കുറിച്ചുള്ള വാര്‍ത്തയാണ് റിപ്ലീസില്‍ ഇടം നേടിയിരിക്കുന്നത്. 

അസാധാരണവും വിസ്മയിപ്പിക്കുന്നതുമായ വാര്‍ത്തകളും സംഭവങ്ങളും അവതരിപ്പിക്കുന്ന പരിപാടിയാണ് റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്.

നൂറുമുറികളുള്ള നാലുനില വീട്ടില്‍ സയോണയും ഭാര്യമാരും മക്കളും കൊച്ചുമക്കളുമെല്ലാമായി ഒന്നിച്ചു ജീവിക്കുകയാണ്. 17ആം വയസ്സില്‍ മൂന്നു വയസ്സിന് മുതിര്‍ന്ന യുവതിയെ വിവാഹം ചെയ്താണ് സയോണ അസാധാരണ ജീവിതത്തിന് തുടക്കമിട്ടത്.

ഒരു വര്‍ഷത്തിനിടെയാണ് 10 വിവാഹങ്ങള്‍ നടത്തിയതെന്നാണ് സയോണ പറയുന്നത്. പിന്നീട് 39ഭാര്യമാരാകുന്നതുവരെ സയോണ വിവാഹം തുടര്‍ന്നു. ഇപ്പോള്‍ 66 വയസ്സുള്ള സയോണയുടെ ഭാര്യമാരില്‍ ചെറുപ്പക്കാരികളുമുണ്ട്.

വീട്ടില്‍ സയോണ ഉപയോഗിക്കുന്ന മുറിയ്ക്ക് സമീപത്തായുള്ള വലിയ മുറിയിലാണ് ഭാര്യമാരെല്ലാവരും കൂടി കഴിയുന്നത്. എല്ല്ാവര്‍ക്കുമുള്ള ഭക്ഷണം ഒരേ അടുക്കളയില്‍ എല്ലാവരും ചേര്‍ന്നാണ് പാകം ചെയ്യുന്നത്.

ഈ കുടുംബത്തിന് ദിനംപ്രതി 91കിലോഗ്രാം രിയും 60കിലോയോളം ഉരുളക്കിഴങ്ങും ആവശ്യമാണ്. സയോണയെക്കുറിച്ചുള്ള വാര്‍ത്ത ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ജെയിംസ് ബോണ്ട് എത്ര ശത്രുക്കളെ കൊന്നു?



എത്ര കാലമായി ജെയിംസ് ബോണ്ട് സിനിമകള്‍ കാണുന്നു, വിഖ്യാതമായ ആ ടൈറ്റില്‍ മ്യൂസിക്കിനു പിന്നാലെ ബോണ്ട് എത്താന്‍ കാത്തിരിക്കുന്നു ഇപ്പോഴും. തലമുറകളെ ഹരം കൊള്ളിക്കുന്ന ആ കഥാപാത്രത്തിന്‍റെ അടുത്ത ചിത്രം സ്കൈഫോള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഈ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. അടുത്തിടെയായി ബോണ്ട് അല്‍പ്പം ഇമോഷണലാണെന്നു പറയുന്നു.

ഈ ലോകത്തിനു ഭീഷണിയാവാന്‍ സാധ്യതയുള്ള എത്രയോ ശത്രുക്കളെ കീഴടക്കി ബോണ്ട്. എന്നാല്‍ ബോണ്ട് എത്ര ശത്രുക്കളെ ഇതുവരെ കൊന്നു തള്ളി എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ലണ്ടനിലുള്ള ഒരു ബോണ്ട് ആരാധകന്‍, പേര് ഗോര്‍ഡന്‍ സ്റ്റാന്‍ഗര്‍, വളരെ സ്ട്രെയ്ഞ്ചായ ഒരു അന്വേഷണം നടത്തി, ബോണ്ട് എത്ര പേരെ കൊന്നു ഇതുവരെ. 1962ലെ ഡോ. നൊ മുതല്‍ 2008ലെ ക്വാണ്ടം ഒഫ് സൊലെയ്സ് വരെയുള്ള ഇരുപത്തിരണ്ടു ചിത്രങ്ങള്‍ പരിശോധിച്ചു. ഗോര്‍ഡന്‍ സ്റ്റാന്‍ഗര്‍ കണ്ടെത്തി, ബോണ്ട് ഇതുവരെ 198 ശത്രുക്കളെ കൊന്നു. 

മാത്തമാറ്റിക്സിലെ ചില സൂത്രവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗോര്‍ഡന്‍ കൗതുകകരമായ മറ്റൊരു പഠനം കൂടി പഠിച്ചു. ഇപ്പോള്‍ ബോണ്ട് ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടോ? അല്‍പ്പം പോലും ഇല്ല എന്നാണ് കണ്ടെത്തിയത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ ബോണ്ടിനെതിരേ ശത്രുക്കള്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കും ബോണ്ടിനേറ്റ പരിക്കും വച്ചു നോക്കുമ്പോള്‍ ബോണ്ട് ജീവിച്ചിരിക്കാനുള്ള സാധ്യതയില്ല.

തിരക്കഥാകൃത്തുക്കള്‍ വീണ്ടും സൃഷ്ടിക്കുന്നതു കൊണ്ടാണ് ബോണ്ട് ജീവിക്കുന്നത്. ന്യൂ സയന്‍റിസ്റ്റ് മാഗസിന്‍റെ പുതിയ ലക്കത്തില്‍ തന്‍റെ സൂത്രവാക്യം അവതരിപ്പിച്ച് എഴുതിയ ലേഖനത്തില്‍ ഗോര്‍ഡന്‍ പറയുന്നു.

Saturday, May 5, 2012

രാജസ്ഥാനിലെ ബുള്ളറ്റ് ബാബ


Babaദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നാണ് ഹിന്ദു മതവിശ്വാസികളുടെ വിശ്വാസം. അങ്ങനെയെങ്കില്‍ 350 സിസി ഡീസല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ദൈവം ഉണ്ടാകാതെ തരമില്ല. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ ദൈവികത ഇവിടെ പ്രാമാണീകരിക്കപ്പെട്ടത്.


ബുള്ളറ്റ് ദൈവത്തെ ബുള്ളറ്റ് ബാബ എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ സമീപ പ്രദേശങ്ങളില്‍ നിന്നു വന്ന് ആരാധന നടത്തുന്നു. സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ്‍ഡ് ആണ് ബുള്ളറ്റ് ബാബ. മറ്റ് കാര്യങ്ങളും ഇവിടെ സ്വീകരിക്കാതിരിക്കുന്നില്ല.

ഈ ബുള്ളറ്റ് ദൈവത്തിനു പിന്നില്‍ സ്വാഭാവികമായും ഒരു കഥയുണ്ടായിരിക്കണമല്ലോ? അത് ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയായിരിക്കും എന്നതും സുവ്യക്തമാണല്ലോ? അതാണ് ഇനി പറയാന്‍ പോകുന്നത്.

ഓം സിംഗ് റാത്തോഡ് എന്ന ഓം ബാണ ഏതൊരു സാധാരണ രാജസ്ഥാനിയെയും പോലെ തന്‍റേതായ പ്രാരാബ്ധങ്ങളുമായി ജീവിച്ചു വരികയായിരുന്നു. 1991ലെ ഒരു വേനല്‍ക്കാല രാത്രിയില്‍ നടന്ന ഒരാക്സിഡന്‍റില്‍ പെട്ട് ഓം ബാണ മരിച്ചു. ഒരു മരത്തിലിടിച്ച് വണ്ടി മറിയുകയായിരുന്നു. ചെന്നൈയിലെ ഒറഗഡം പ്ലാന്‍റില്‍ നിര്‍മിച്ചതും കരിമ്പുക പുറന്തള്ളല്‍ കൂടുതലായതിനാല്‍ നിലവില്‍ ഉല്‍പാദനം നിറുത്തി വെച്ചതുമായ ഒരു ഡീസല്‍ ബുള്ളറ്റ് ആയിരുന്നു ഓം സിംഗ് റാത്തോഡിന് സ്വന്തമായുണ്ടായിരുന്നത്.

അന്ന് രാത്രി തന്നെ പൊലീസ് വണ്ടി സ്റ്റേഷനില്‍ കൊണ്ടു പോയിട്ടു. പിറ്റേ ദിവസം നോക്കുമ്പോള്‍ വണ്ടി സ്റ്റേഷനില്‍ ഇല്ല. ഏതൊ ഒരുത്തന്‍ അത് കൊണ്ടു പോയി ആക്സിഡന്‍റ് നടന്ന മരത്തിനു ചുവട്ടില്‍ തള്ളിയിരിക്കുന്നു. പൊലീസ് വീണ്ടും വണ്ടി സ്റ്റേഷനില്‍ കൊണ്ടു പോയിട്ടു. പിറ്റേ ദിവസവും സംഭവം ആവര്‍ത്തിച്ചു. വണ്ടി മരച്ചുവട്ടിലെത്തിയിരിക്കുന്നു. എങ്കിലിത് ആത്മാവിന്‍റെ കളി തന്നെയെന്ന് പൊലീസുകാരും നാട്ടുകാരും തീരുമാനിച്ചു.

അന്നു മുതല്‍ നാട്ടുകാര്‍ ആത്മാവിനെ പൂജിക്കാന്‍ തുടങ്ങി. അടുത്ത് വളരെ താമസിക്കാതെ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സമീപ പ്രദേശത്തുള്ളവര്‍ക്ക് സാധിച്ചു. ബുള്ളറ്റ് ബാബ എന്ന് ദൈവത്തെ പേരിട്ടു വിളിച്ചു.

ഇപ്പോള്‍ വന്‍ തിരക്കാണ് ബുള്ളറ്റ് ബാബയെ സന്ദര്‍ശിക്കാനെന്ന് ജോധ്പൂരിലെ ഒരു ട്രാവല്‍ ഏജന്‍റ് പറയുന്നു. നിരവധി കഥകള്‍ ബുള്ളറ്റ് ബാബയെ പ്രതി പ്രചരിച്ചിട്ടുണ്ട്. സമീപ പ്രദേശത്ത് നടക്കുന്ന ആക്സിഡന്‍റ് സ്ഥലങ്ങള്‍ ബാബ സന്ദര്‍ശിക്കുകയും വീണു പോയവരെ പൊക്കിയെടുത്ത് ജീവന്‍ കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ഇവിടെ സ്ഥിരമാണെന്ന് ഒരു വിശ്വാസി സ്ഥിരീകരിക്കുന്നു.

ഇവിടുത്തെ പ്രധാന ആരാധന ബിയര്‍ അഭിഷേകമാണ്. ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നു. അനുഗ്രഹം ശരിയായ കനത്തില്‍ തന്നെ കിട്ടണമെങ്കില്‍ ബുള്ളറ്റ് ബ്രാന്‍ഡില്‍ ഉള്ളതു തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ട്. ആക്സിഡന്‍റില്‍ പെടുമ്പോള്‍ ബാണ ബിയര്‍ അടിച്ചിരുന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥലം സന്ദര്‍ശിച്ച ഒരാള്‍ സംശയിക്കുന്നത്.

നമ്മുടെ നാട്ടിലും ഇത്തരം ഏര്‍പ്പാടുകള്‍ നിലവിലുണ്ട്. വയനാട് ചുരത്തിലാണ് ഈ വകുപ്പില്‍ പെട്ട ദൈവങ്ങളുടെ തലതൊട്ടപ്പനുള്ളത്.

Friday, May 4, 2012

വഴിതെറ്റിയ തത്ത പൊലീസിന്‌ വഴി പറഞ്ഞു

വഴിതെറ്റി വന്ന തത്ത പൊലീസിന്‌ തന്റെ ഉടമസ്ഥന്റെ വിലാസം പറഞ്ഞുകൊടുത്തു. ജപ്പാനിലെ ടോക്കിയോ നഗരത്തിലാണ്‌ ഈ രസകരമായ സംഭവം നടന്നത്‌.

വഴിതെറ്റി, ഉടമസ്ഥന്റടുത്തേക്ക്‌ തിരിച്ചു പോവാനാവാതെ കാണപ്പെട്ട തത്തയെ കണ്ട ആളുകള്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ തത്തയുടെ ഉടമസ്ഥനാരാണെന്നറിയാത്തതു കാരണം വിഷമിക്കുകയായിരുന്നു പൊലീസ്‌. കസ്റ്റഡിയിലെടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെട്ടെന്നാണ്‌ തത്ത തന്റെ ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറും ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയത്‌. തത്ത പറഞ്ഞ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ കഥയ്‌ക്ക്‌ ശുഭാന്ത്യം. തത്ത തിരിച്ചെത്തിയ സന്തോഷത്തിലാണ്‌ ഉടമസ്ഥയായ 64കാരി വൃദ്ധ.



ഈ തത്തയ്‌ക്ക്‌ മുമ്പുണ്ടായിരുന്ന തത്ത നഷ്ടപ്പെട്ട്‌ തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇവര്‍ രണ്ടു വര്‍ഷം മുമ്പ്‌ വാങ്ങിയ ഈ തത്തയെ തന്റെ വിലാസവും നമ്പറും പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ഏതായാലും ആ മുന്‍കരുതല്‍ ഫലം ചെയ്‌തു.

Thursday, May 3, 2012

മദ്യലഹരിയില്‍ പട്ടിയെ കടിച്ച 19കാരിയ്‌ക്കെതിരെ കേസ്


മദ്യലഹരിയില്‍ പട്ടിയെ കടിച്ച യുഎസ് യുവതിയ്‌ക്കെതിരേ കേസ്. അനലീസ് ഗാര്‍നര്‍ എന്ന പത്തൊന്‍പതുകാരിയാണ് മദ്യപിച്ച ശേഷം വീട്ടിലെ പട്ടിയെ കടിച്ചത്. മദ്യ ലഹരിയില്‍ അമ്മയുമായി ഗാര്‍നര്‍ വഴക്കിട്ടിരുന്നു.
അമ്മയുടെ മുഖത്ത് മാന്തി പരിക്കേല്‍പ്പിക്കുകയും വലതു കൈയില്‍ കടിക്കുകയും ചെയ്ത ശേഷമാണ് ഗാര്‍നര്‍ പട്ടിയേയും ആക്രമിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് വലിയ ബഹളം കേട്ട അയല്‍ക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ പട്ടിയെ ഗാര്‍നര്‍ കടിച്ചു പരിക്കേല്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഗാര്‍നര്‍ക്കെതിരെ മൃഗങ്ങളോട് ക്രൂരമായി പെരുമാറല്‍, ഗാര്‍ഹിക പീഡനം, പ്രായപൂര്‍ത്തിയാവാതെയുള്ള മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. ഗാര്‍നറില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി പട്ടി തിരിച്ചു കടിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പട്ടിയ്‌ക്കെതിരെ കേസൊന്നുമില്ല.

Tuesday, May 1, 2012

തലയ്ക്ക് പരുക്കേറ്റയാള്‍ ജീനിയസ് ആയി മാറി!


പഠിക്കാന്‍ മോശമായ ഒരാള്‍ കോളജില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നാളുകള്‍ക്ക് ശേഷം അയാളെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുന്നു. തലയ്ക്ക് മാരകമായി പരുക്കേറ്റ അയാള്‍ സുഖം‌പ്രാപിച്ചപ്പോഴേക്കും ഗണിതശാസ്ത്രത്തില്‍ ജീനിയസ് ആയി മാറി. നോവലും സിനിമയുമൊന്നുമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കാര്യമാണിത്. ജേസണ്‍ പാഡ്ഗെറ്റ് എന്ന 41-കാരനാണ് ഇങ്ങനെ ജീനിയസ് ആയി മാറിയിരിക്കുന്നത്. 

അമേരിക്കയില്‍ നിന്നുള്ള പാഡ്ഗെറ്റ് പഠനകാര്യത്തില്‍ ഏറെ പിന്നിലായിരുന്നു. അങ്ങനെ കോളജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ഒരിക്കല്‍ ഒരു കരോക്കെ ക്ലബ്ബിന് മുന്നില്‍ വച്ച് ആക്രമിക്കപ്പെടുന്നു. കവര്‍ച്ചക്കാരുടെ ചവിട്ടേറ്റ് ഇയാളുടെ തലച്ചോറിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

പക്ഷേ സുഖം‌പ്രാപിച്ചപ്പോഴേക്കും പാഡ്ഗെറ്റ് പുതിയൊരാളായിക്കഴിഞ്ഞിരുന്നു. ഗണിതശാസ്ത്രത്തിലെ ഏത് കുഴപ്പം പിടിച്ച ഫോര്‍മുലയായാലും ശരി, പാഡ്ഗെറ്റ് അതിന്റെ ഡയഗ്രം വരയ്ക്കും. ഗണിതശാസ്ത്രത്തിലെ പ്രമുഖ സിദ്ധാന്തങ്ങളും ഫോര്‍മുലകളുമെല്ലാം ഡയഗ്രം ആക്കി മാറ്റാന്‍ ഇയാള്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഈ കഴിവുള്ളവര്‍ ലോകത്ത് തന്നെ വേറെയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. 
തലയ്ക്കേറ്റ പരുക്കാണ് പാഡ്ഗെറ്റിന്റെ തലവര മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തായിരിക്കാം ഇയാളുടെ തലയ്ക്കകത്ത് സംഭവിച്ചത് എന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
.

കീകള്‍ക്കെങ്ങനെ താളം തെറ്റി?


കമ്പ്യൂട്ടറിലെ കീബോര്‍ഡ് കാണുമ്പോള്‍ എന്താണ് ആദ്യം മനസ്സിലേക്കെത്തുക? ഈ കീബോര്‍ഡിലെ കീകളെല്ലാമെന്താ താളം തെറ്റിക്കിടക്കുന്നതെന്നല്ലേ? ഇതിന്  പിന്നിലെ കാരണം എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? കീബോര്‍ഡ് ഉണ്ടാക്കുമ്പോള്‍ വന്ന കൈപ്പിഴയൊന്നുമല്ല കാരണം. സിസ്റ്റം ജാമാകാതിരിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
കീബോര്‍ഡുകളിലെ ഇടതുവശത്തുനിന്ന് തുടങ്ങുന്ന ക്യു, ഡബ്ല്യു,ഇ,ആര്‍,ടി എന്നീ അക്ഷരങ്ങളെ കൂട്ടിച്ചേര്‍ത്ത് വായിച്ചാണ് ക്യുവര്‍ട്ടി കീബോര്‍ഡെന്ന പേര്  വന്നത്. ഇന്നിപ്പോള്‍ ബ്ലാക്ക്‌ബെറി ഉള്‍പ്പടെ വിവിധ ഫോണുകളിലും ക്യുവര്‍ട്ടി കീബോര്‍ഡ് കാണാവുന്നതാണ്.
1874ല്‍ ക്രിസ്റ്റഫര്‍ ഷോള്‍സ് എന്ന വ്യക്തിയാണ് ഇന്ന് കാണുന്ന ക്യുവര്‍ട്ടി കീബോര്‍ഡിന്റെ ലേഔട്ട് നിര്‍വ്വഹിച്ചത്.  ടൈപ്പ് റൈറ്ററുകളിലെ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ ക്രമത്തില്‍ വന്നാല്‍ ടൈപ്പ് ചെയ്യുന്ന ആള്‍ക്ക് എളുപ്പത്തില്‍ ഓരോ അക്ഷരങ്ങളും കണ്ടെത്തി നിര്‍ത്താതെ ടൈപ്പ് ചെയ്യാനാകുമെന്ന മനസ്സിലാക്കായി ഷോള്‍സ് അക്ഷരങ്ങളെ  ക്രമം തെറ്റിച്ച് ഉള്‍പ്പെടുത്തുകയായിരുന്നു.
ആദ്യം 1868ല്‍ ഷോള്‍സ് ഒരു കീബോര്‍ഡ് നിര്‍മ്മിച്ചിരുന്നു. അക്ഷരമാല ക്രമത്തില്‍ രണ്ട് വരികളിലായായിരുന്നു കീകള്‍ സ്ഥാപിച്ചത്. എന്നാല്‍ അതില്‍ ടൈപ്പ് ചെയ്യുമ്പോള്‍ റൈറ്റര്‍ ജാം ആകുന്നത് കണ്ടെത്തിയ ഷോള്‍സ് പിന്നീട് കീകളുടെ താളം തെറ്റിക്കുകയായിരുന്നു.
ടൈപ്പ് റൈറ്റര്‍ ജാം ആകാതിരിക്കാനാണ് കീകള്‍ താളം തെറ്റിച്ചത്. എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ക്ക് ജാം ആകുകയെന്ന പ്രശ്‌നമില്ലാഞ്ഞിട്ടും ഇപ്പോഴും ഷോള്‍സിന്റെ കീബോര്‍ഡ് ലേ ഔട്ടാണ് തുടര്‍ന്ന് പോരുന്നത്. താളം തെറ്റിയ അക്ഷരങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളാക്കാന്‍ ഇപ്പോള്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു.