Tuesday, May 15, 2012

പൂച്ചയെ രക്ഷിച്ചു:4 മരണം,21 പേര്‍ക്ക്‌ പരിക്ക്‌


തെരുവു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ നാലു പേരുടെ ജീവനെടുത്തു. റാസല്‍ ഖൈമയില്‍ നിന്നും ദുബയിലേക്കുള്ള യാത്രയില്‍ വഴിയില്‍ ഉണ്ടായിരുന്ന ഒരു പൂച്ചയെ വണ്ടിയിടിക്കാതെ ശ്രദ്ധിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ടത്‌ നാല്‌ ജീവന്‍, കൂടെ 21 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

മുഹമ്മദ്‌ സെയ്‌ഫ്‌ എന്നയാളാണ്‌ തന്റെ പൂച്ച സ്‌നേഹം കാരണം ഇത്ര വലിയഅപകടം വരുത്തി വെച്ചത്‌. ഇയാള്‍ ഇപ്പോള്‍ റാസല്‍ ഖൈമ ജയിലിലാണ്‌. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കാനായി 800,000 ദിര്‍ഹം പിഴയൊടുക്കാനും ഇയാളോട്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

പുലര്‍ച്ചെ റാസല്‍ ഖൈമയില്‍ നിന്നും ദുബയിലെ ജോലി സ്ഥലത്തേക്ക്‌ വരുന്ന വഴി വഴിയില്‍ കണ്ട പൂച്ചയുടെ മേല്‍ കാര്‍ ഇടിക്കാതെയിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു എന്നു മുഹമ്മദ്‌ സെയ്‌ഫ്‌ വിശദീകരിക്കുന്നു.

നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിടിച്ചതാണ്‌ മുഹമ്മദ്‌ സെയ്‌ഫിന്റെ കരുണാര്‍ദ്രമായ മനസ്സ്‌ ഇത്രയും ഗുരുതരമായ ഒരു അപകടത്തിലേക്ക്‌ വഴി വെച്ചത്‌.

മുഹമ്മദ്‌ സെയ്‌ഫ്‌ തന്നെയാണ്‌ താന്‍ കാരണം നാല്‌ പേര്‍ മരണപ്പെട്ടതായും 21 പേര്‍ക്ക്‌ പരിക്കേറ്റതായും അടുത്തുള്ള ആശുപത്രിയില്‍ ചെന്ന്‌ അറിയിച്ചത്‌. കുടുംബത്തിന്‌ ആശ്വാസമായി സെയ്‌ഫിന്‌ ജോലി കിട്ടിയിട്ട്‌ വെറും ഒരാഴ്‌ചയായപ്പോഴേക്കും അയാള്‍ ജയിലിലുമായി.

No comments:

Post a Comment