Saturday, May 19, 2012

ഒരു കുറ്റാന്വേഷകന്‍റെ റെക്കോഡ് ബുക്...



രഹസ്യങ്ങള്‍ ഒളിച്ചുവച്ച് നിഗൂഢതകളിലേക്ക് വായനക്കാരെ വഴിനടത്തിയ ഷെര്‍ലക് ഹോംസിനെ ചരിത്ര പുരുഷനെന്നു വിശേഷിപ്പിക്കാമോ...? അന്വേഷണ കഥകളുടെ കാരണവരെ ഇനി അങ്ങനെയും വിളിക്കാം. ടിവി പരമ്പരകളിലും സിനിമകളിലും ഏറ്റവും കൂടുതല്‍ തവണ ചിത്രീകരിച്ച കഥാപാത്രം എന്ന ഖ്യാതി ഇനി ഷെര്‍ലക് ഹോംസിനു സ്വന്തം. ഇരുനൂറ്റമ്പത്തിനാലു തവണയാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഇതിഹാസ കഥാപാത്രം പ്രഗത്ഭരായ നടന്മാരുടെ അഭിനയ മികവില്‍ സ്ക്രീനിലെത്തിയത്. 

ബേസില്‍ റാത്ബോണ്‍, ജെബി ബ്രെറ്റ്, ബെനഡിക്റ്റ് കുംബര്‍ബാഷ്, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ടോം ബേക്കര്‍... ഷെര്‍ലക് ഹോംസ് എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ എത്രയെത്ര താരങ്ങളുടെ മുഖമാണ് ഓര്‍മവരുന്നത്. ബുദ്ധിമാനായ ഒരു ഡിറ്റക്റ്റിവിനു പറ്റിയ മുഖം ഹോളിവുഡ് സംവിധായകര്‍ പല നടന്മാരില്‍ കണ്ടെത്തിയപ്പോള്‍ നോവല്‍ വായിക്കുന്ന ത്രില്ലില്‍ ലോകം അതു കണ്ടിരുന്നു. കോട്ടും തൊപ്പിയും വച്ച് ചുണ്ടില്‍ പൈപ്പുമായി നടന്നു വന്ന നടന്മാരെല്ലാം ഹോംസ് എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ചു. ദി ഹൗണ്ട് ഒഫ് ദ ബാസ്കര്‍വില്ലെസ് മുതല്‍ അഭ്രപാളിയില്‍ കണ്ടു തുടങ്ങിയ ഹോംസിനെ അഭ്രപാളിയില്‍ ചരിത്ര പുരുഷനാക്കുന്നത് ഹോളിവുഡ് നടന്മാരുടെ അഭിനയശേഷി കൂടിയാണ്. 

ഹാംലെറ്റിനു പോലും ഷെര്‍ലക് ഹോംസിനു മുന്നില്‍ തോറ്റു കൊടുക്കേണ്ടി വന്നിരിക്കുന്നു. നാല്‍പ്പത്തെട്ടു തവണ മാത്രമേ സിനിമ - സീരിയലുകളില്‍ ഹാംലെറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. എഴുപത്തഞ്ചു നടന്മാരാണ് ഇതുവരെ ഷെര്‍ലക് ഹോംസിനെ അവതരിപ്പിച്ചത്. 
എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ് എന്ന നോവലില്‍ 1887ല്‍ തുടങ്ങിയതാണ് ഹോംസിന്‍റെ അന്വേഷണങ്ങള്‍ക്കു പുറകെ വായനക്കാരുടെ നിലയ്ക്കാത്ത ഓട്ടം. 1890ല്‍ അമെരിക്കയിലാണ് സ്ക്രീനില്‍ ആദ്യമായി ഷെര്‍ലക്ഹോംസ് അവതരിപ്പിക്കപ്പെട്ടത്. 
ഷെര്‍ലക്ഹോംസ്ബാഫ്ള്‍ഡ് എന്ന ചിത്രം. മുപ്പതു സെക്കന്‍ഡ് നേരത്തെ നിശബ്ദ ചിത്രമായിരുന്നു അത്. പിന്നീടിങ്ങോട്ട് എഴുപത്തഞ്ച് അഭിനേതാക്കള്‍ അവതരിപ്പിച്ചു ആ വിഖ്യാത കഥാപാത്രത്തെ. ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചുവെന്നു മാത്രമല്ല ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രത്തിന് ലിറ്ററി ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നൊരു വിളിപ്പേരും ലഭിച്ചു. 


മൂന്നു വര്‍ഷം മുന്‍പ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചപ്പോഴും ഷെര്‍ലക് ഹോംസിന്‍റെ ആരാധകര്‍ പതിവുപോലെ കാത്തിരുന്നു പുതുമകള്‍. ഹോംസും വാട്സനും കൂടി സഞ്ചരിച്ച വഴി അഭ്രപാളിയിലും ഇതാ ചരിത്രമെഴുതിയിരിക്കുന്നു.

No comments:

Post a Comment