കഫേയുടെ സൗന്ദര്യത്തില്‍ പൂച്ചകളെ തഴുകിയും തലോടിയും കാപ്പി കുടിക്കാം. ഇനി തൊടുന്നത് ഇഷ്ടമല്ലെങ്കില്‍ മാര്‍ജാരന്മാരുടെ കുസൃതിയും കളിയുമൊക്കെ ആസ്വദിക്കാം. ഒരു സേവനവും വേണ്ടെങ്കില്‍ പൂച്ചകള്‍ എവിടെയെങ്കിലും സ്വസ്ഥമായി ഉറങ്ങിക്കോളും. എങ്ങനെയായാലും കാപ്പി കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ പൂച്ചകളുടെ സാന്നിധ്യം അവിടെ ഉറപ്പിക്കാം. മറ്റു വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ പ്രചരിച്ചിരിക്കുന്ന ഈ പൂച്ചഫാഷന്‍ വിയന്നയില്‍ ഇതാദ്യം. അതുകൊണ്ടു തന്നെ ക്യാറ്റ് കഫേയുടെ അനുഭവം ആസ്വദിക്കാന്‍ ധാരാളം പേര്‍ എത്തുന്നു. മിക്കവര്‍ക്കും ഈ കണ്‍സെപ്റ്റ് ഇഷ്ടമാകുന്നുമുണ്ട്. അങ്ങനെ കസ്റ്റമേഴ്സ് മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, ആ അഞ്ചു പൂച്ചകളും തങ്ങളുടെ പുതിയ ഡ്യൂട്ടി ഏറെ കൃത്യതയോടെയും ആവശ്യക്കാരന്‍റെ ടേസ്റ്റ് അനുസരിച്ചും ചെയ്തു കൊടുക്കുന്നു. ഒപ്പം ലഭിക്കുന്ന ടേസ്റ്റി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിയന്നയില്‍ ക്യാറ്റ് കഫേ തുടങ്ങുന്നത് അത്ര എളുപ്പമായിരുന്നില്ല. അധികൃതരുമായി മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍, എതിര്‍പ്പുകള്‍, ശുചിത്വം കൃത്യമായി പാലിക്കുമെന്ന ബോധ്യപ്പെടുത്തലുകള്‍. വിയന്ന സിറ്റി അധികൃതരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍. ഒടുവില്‍ കഠിന പ്രയത്നത്തിനു ശേഷമാണു അലക്സാണ്ടര്‍ ഥോറും ഭാര്യ ജാപ്പനീസുകാരി ടകാക്കോ ഇഷിമിറ്റ്സുവും ചേര്‍ന്നു ക്യാറ്റ് കഫേയുടെ കവാടങ്ങള്‍ തുറക്കുന്നത്. ക്യാറ്റ് കഫേ എന്നതു തന്‍റെ ഭാര്യയുടെ ഐഡിയ ആയിരുന്നെന്നു അലക്സാണ്ടര്‍. കഫേയുടെ കാര്യങ്ങള്‍ നോക്കുന്നതു ടകാക്കോ തന്നെ. കഫേ തുടങ്ങാന്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയങ്കിലും ധാരാളം ആളുകള്‍ എത്തുന്നതിലും, മനുഷ്യസാന്നിധ്യം പൂച്ചകള്‍ ആസ്വദിക്കുന്നതിലും വളരെയധികം സന്തോഷിക്കുന്നു ടകാക്കോ.
കാപ്പിക്കൊപ്പം ഒരു പൂച്ച ആയാലെന്താ എന്ന ആശയം വിയന്നയില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്ന പലര്‍ക്കും നന്നേ ബോധിച്ചിട്ടുണ്ട്. ബിസിനസ് സാധ്യത മാത്രമല്ല, പൂച്ചകള്‍ക്കും സുഖമായി ജീവിക്കാനുള്ള വഴി ലഭിക്കുന്നു ക്യാറ്റ് കഫേയില്‍. അനിമല്‍ റെസ്ക്യൂ സെന്‍ററില്‍ നിന്നു ദത്തെടുത്ത അഞ്ചു പൂച്ചകളാണു ക്യാറ്റ് കഫേയില്‍ സേവനം അനുഷ്ഠിക്കുന്നത്. കഫേയില്‍ സ്വതന്ത്രമായി നടക്കുകയും ചെയ്യാം വയറു നിറച്ചു ഭക്ഷണം ലഭിക്കുകയും ചെയ്യും. ക്യാറ്റ് കഫേയില്‍ ജോലി ചെയ്താല്‍ രണ്ടുണ്ട് കാര്യമെന്നു പൂച്ചകള്‍ മനസിലാക്കി കഴിഞ്ഞു. ഭക്ഷണത്തില്‍ പൂച്ചയുടെ രോമം വീഴുമോ, അസുഖം വരുമോ എന്ന ആശങ്കകള്‍ക്കെല്ലാം സ്കോപ്പുണ്ട്. പക്ഷേ ക്യാറ്റ് കഫേ പതുക്കെ ഹിറ്റായിക്കൊണ്ടിരിക്കുന്നു വിയന്നയില്‍. എന്നാലൊരു കാര്യം, എല്ലാ അതിഥികള്‍ക്കും ക്യാറ്റ് കഫേയില്‍ പ്രവേശനമില്ല, ഉടമകളുടെ ഒപ്പം വരുന്ന നായകള്‍ പുറത്തു നില്‍ക്കുക തന്നെ വേണം.
No comments:
Post a Comment