മതം ഒരു വലിയ ഭീഷണ നേരിടുകയാണ് പാശ്ചാത്യലോകത്ത് എന്നതൊരു പുതിയ വാര്‍ത്തയല്ല. പള്ളിക്കാര്യങ്ങള്‍ക്കൊന്നും ആളെ, പ്രത്യേകിച്ച് യുവജനതയെ കിട്ടാതായിട്ട് കാലം കുറേയായി. ആളുകളെ പള്ളിയിലേക്കും ആരാധനാലയങ്ങളിലേക്കും ആകര്‍ഷിക്കാന്‍ പലരും ഡാന്‍സ് പാര്‍ട്ടികളും മറ്റും വിശ്വാസാഘോഷങ്ങളുടെ ഭാഗമായി തുടങ്ങുക വരെ ചെയ്തു.
ഇപ്പോള്‍, ഈ ഭീഷണി അത്ര നിസ്സാരമല്ലാത്തവിധം വളര്‍ന്നിരിക്കുന്നു എന്നതു തെളിവുസഹിതം പുറത്തുവന്നിരിക്കുകയാണ്. ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെങ്കിലും വൈകാതെ മതം പാടേതന്നെ നിഷ്കാസിതമാകുമെന്നാണ് വിവിധരാജ്യങ്ങളില്‍ വിപുലമായ നടന്ന ഒരു സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നത്. യാതൊരു മതാഭിമുഖ്യവുമില്ലാത്തവരുടെ എണ്ണം അത്രയും അധികരിക്കുകയാണ് ഈ രാജ്യങ്ങളിലെന്ന് പഠനത്തിന്റെ ഭാഗമായി നടത്തിയ സെന്‍സസില്‍ തെളിഞ്ഞിരിക്കുന്നു.
ഓസ്ട്രേലിയ, ഓസ്ട്രിയ, കനഡ, ചെക്ക് റിപ്പബ്ലിക്, അയര്‍ലന്റ്, നെതര്‍ലന്റ്സ്, ന്യൂസീലാന്റ്, സ്വിറ്റ്സര്‍ലന്റ്, ഫിന്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് മതം പടിക്കുപുറത്താകാന്‍ പോകുന്നത്. ഇവ വൈകാതെ മതമില്ലായ്മയുടെ നവരാഷ്ട്രങ്ങളായിത്തീരും (നവമെന്നാല്‍ ഒമ്പതെന്നും പുതുതെന്നുമുണ്ട്).
അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ഡള്ളാസ് സമ്മേളനത്തിലാണ് പഠനഫലങ്ങള്‍ പ്രഖ്യാപിച്ചത്. മതപരമയായ കാരണങ്ങളാലാണോ സാമൂഹികപരമായ കാരണങ്ങളാലാണോ ഒരാള്‍ തന്റെ അസ്തിത്വത്തെ അളക്കുന്നതെന്നു തിരിച്ചറിയുവാനുതകുന്നമട്ടിലുള്ളതായിരുന്നു സെന്‍സസ്. ഇതില്‍ മതം ഏതാണ്ട് പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടുപോയി.
പഠനസംഘാംഗമായ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഡാനിയല്‍ അബ്രാംസ് പറയുന്നത് മതവുമായി ബന്ധപ്പെടുന്നതിലും പുതുതലമുറ ഇഷ്ടപ്പെടുന്നത് സാമൂഹികക്കൂട്ടായ്മകളില്‍ ഇടപെടാനാണെന്നാണ്. മറ്റൊരു സംഘാംഗമായ ഡോക്ടര്‍ വീനര്‍ പറയുന്നു, ആധുനികജനാധിപത്യ രാഷ്ട്രങ്ങളില്‍ ഈ വിചാരഗതി കൂടിക്കൂടിവരികയാണെന്ന്. നെതര്‍ലന്റ്സില്‍ ഇത്തരക്കാരുടെ എണ്ണം നാല്പതുശതമാനമാണെങ്കില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അത് അറുപതു ശതമാനമാണ്.
No comments:
Post a Comment