Saturday, May 12, 2012

ഫസ്റ്റ് ലേഡി..ഒരു പ്രോട്ടോകോള്‍ പ്രതിസന്ധി

ഇതാ തുടങ്ങി എലിസീ കൊട്ടാരത്തിന്‍റെ അന്തപ്പുരത്തില്‍ വാക്കുകള്‍കൊണ്ട് ഉന്തും തള്ളും. ഫ്രാന്‍സിലെ പത്രക്കാരുടെ ഏഷണിയാണ് എല്ലാറ്റിനും കാരണം. സര്‍ക്കോസിയുടെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യമായി സര്‍ക്കോസി ഇന്ത്യയിലേക്കു വരുമ്പോള്‍ എന്തൊക്കെ പൊല്ലാപ്പുകളായിരുന്നു. പ്രസിഡന്‍റിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷയെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് പ്രസിഡന്‍റിന്‍റെ കൂട്ടുകാരിയെ എവിടെ പാര്‍പ്പിക്കും എന്നതിനെക്കുറിച്ചായിരുന്നു. കല്യാണം കഴിയാതെ ആണും പെണ്ണും ഒരു മുറിയില്‍ കഴിയുന്നത് ഇന്ത്യക്കാരുടെ സംസ്കാരത്തെ അപമാനിക്കലാണെന്നു പറഞ്ഞപ്പോള്‍ സര്‍ക്കോസി ആകെ അങ്കലാപ്പിലായി. അധികാരത്തിലേറിക്കഴിഞ്ഞാല്‍ താജ്മഹല്‍ കാണിച്ചുകൊടുക്കാമെന്നു കാര്‍ലയ്ക്കു കൊടുത്ത വാക്കാണു പാഴാവുന്നത്.... ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയില്‍ ഒറ്റയ്ക്കു വിമാനം കയറിയ സര്‍ക്കോസി ഫ്രാന്‍സിലെത്തിയ ശേഷം തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ലയ്ക്കു മിന്നുകെട്ടി. രണ്ടു മാസത്തിനുള്ളില്‍ ദമ്പതികള്‍ സന്തോഷത്തോടെ ഡല്‍ഹിയില്‍ വന്ന് താജും യമുനയും കണ്ടു മടങ്ങി... 
മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഹണിമൂണ്‍ ട്രിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവാന്‍ കാരണം ഫ്രാങ്കോയിസ് ഹോളണ്ടെയും കൂട്ടുകാരി വലേറി ട്രിയര്‍വീലറും വിവാഹം കഴിച്ചിട്ടില്ല എന്നതാണ്. സൗദിയിലും ദുബായിലും ഇന്ത്യയിലുമൊക്കെ ഈ നിത്യഹരിത പ്രണയിതാക്കള്‍ എങ്ങനെ ഒരുമിച്ചു യാത്ര ചെയ്യും...? കല്യാണം കഴിക്കാതെയുള്ള യാത്ര ഈ രാജ്യങ്ങളിലെ പ്രോട്ടോകോളിനു വിരുദ്ധമാണ്. നിര്‍ബന്ധമായും ഇവര്‍ കല്യാണം കഴിക്കേണ്ടിവരും. അല്ലെങ്കില്‍, വാമഭാഗം അലങ്കരിക്കാന്‍ ആളില്ലാതെ യാത്ര നടത്തേണ്ടിവരും ഫ്രാങ്കോയിസ്. ആദ്യ ജീവിതപങ്കാളിയായിരുന്ന സെഗോലിന്‍ റോയലിനെ ഉപേക്ഷിച്ചാണു ട്രിയറിനെ ഫ്രാങ്കോയിസ് പ്രണയിച്ചത്. സെഗോലിനുമൊത്തുള്ള ജീവിതത്തില്‍ ഫ്രാങ്കോയിസിന് നാലു മക്കളുണ്ട്. അച്ഛന്‍റെ വിജയം ആഘോഷിക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. 
കെ.ആര്‍. നാരായണന്‍ പ്രസിഡന്‍റ് സ്ഥാനത്തു നിന്നു മാറിയശേഷം ഇന്ത്യക്കൊരു ഫസ്റ്റ് ലേഡിയുണ്ടായിട്ടില്ല. എ.പി.ജെ. അബ്ദുള്‍ കലാം വിവാഹം കഴിക്കാത്തതുകൊണ്ട് രാഷ്ട്രപതി ഭവനില്‍ പ്രഥമ വനിതയുടെ കസേര ഒഴിഞ്ഞു കിടന്നു. പ്രതിഭാ പാട്ടീല്‍ ഇനിയും വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോഴും ഇന്ത്യന്‍ പ്രസിഡന്‍റ് എന്നല്ലേ പറയാന്‍ പറ്റൂ. പുതിയ പ്രസിഡന്‍റ് അധികാരത്തിലേറിയാലും ഇന്ത്യയ്ക്ക് എവിടെയും പ്രോട്ടോകോള്‍ പ്രശ്നം നേരിടേണ്ടി വരില്ല... പക്ഷേ ഇവിടെയെത്തുന്ന വിദേശ പ്രസിഡന്‍റുമാരുടെ കാര്യത്തിലാണു പ്രശ്നം. അതുകൊണ്ടാണ് എലിസീ കൊട്ടാരം ഇന്ത്യയെക്കുറിച്ച് തുടര്‍ച്ചയായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. ട്രിയറിനും ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടാകില്ലേ ഫ്രാങ്കോയിസ്....!
മോഡലായിരുന്ന മുന്‍ ഫസ്റ്റ് ലേഡിയെ സൗന്ദര്യംകൊണ്ടു മറികടക്കും പുതിയ പ്രഥമ വനിത എന്നാണു ഫ്രാന്‍സിലെ മാധ്യമങ്ങള്‍ എഴുതിയത്. പക്ഷേ, വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ആ സൗന്ദര്യം മാത്രം പോരല്ലോ. പ്രോട്ടോകോള്‍ പാലിക്കാന്‍ ഉടന്‍തന്നെ ഒരു കല്യാണപ്പന്തലൊരുക്കുമോ ട്രെയറും ഫ്രാങ്കോയിസും....? 
മാധ്യമങ്ങളുടെ ഈ ആശങ്കയൊന്നും ട്രിയറിനില്ല. മാസികകളിലും പത്രത്തിലുമൊക്കെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇതൊക്കെ വെറും കഥകളായിട്ടേ കരുതുന്നുള്ളൂ ട്രിയര്‍. മാത്രമല്ല, തന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതു നേരിടാന്‍ നന്നായിട്ടറിയാം ട്രിയര്‍ എന്ന പത്രപ്രവര്‍ത്തകയ്ക്ക്. പാരിസ് മാച്ച് എന്ന മാസികയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തകന്‍ മോശമായി എന്തോ പറഞ്ഞു. ആരാണ് എന്താണ് എന്നൊന്നും നോക്കാതെ അയാളുടെ കരണത്തടിച്ചു ട്രിയര്‍. അന്ന് ഫ്രാന്‍സിലെ പത്രപ്രവര്‍ത്തകര്‍ റോട്ട്വീലര്‍ എന്നു ചെല്ലപ്പേരിട്ടു ട്രിയറിന്. 
താന്‍ ജോലി ചെയ്യുന്ന മാസികയില്‍ കവര്‍ ഫോട്ടൊ വരാനുള്ള ഭാഗ്യം ലഭിക്കുന്ന അപൂര്‍വം വ്യക്തികളിലൊരാളാണു ട്രിയര്‍. ഫ്രാങ്കോയിസ് ഹോളണ്ടെയുടെ കമനീയമായ സ്വത്ത് എന്ന ഹെഡ്ഡിങ്ങോടെയാണ് കഴിഞ്ഞ ദിവസം ട്രിയറുടെ ചിത്രം മാസിക പ്രസിദ്ധീകരിച്ചത്. 
മുസ്ലിം രാഷ്ട്രങ്ങളിലേക്കും ഇന്ത്യയിലേക്കുമുള്ള യാത്രയില്‍ നിങ്ങളെങ്ങനെ ഒരുമിച്ചുപോകും...? മാധ്യമങ്ങളുടെ ചോദ്യം. അതിനെക്കുറിച്ചൊന്നും എനിക്ക് ആശങ്കയില്ലെന്നു പറഞ്ഞു ട്രിയര്‍. വത്തിക്കാനില്‍ പോയി മാര്‍പ്പാപ്പയെ കാണേണ്ടിവന്നാലോ...? തത്ക്കാലം അത്രത്തോളം പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കില്ലെന്നു പറഞ്ഞൊഴിഞ്ഞു ട്രിയര്‍.

No comments:

Post a Comment