Saturday, May 12, 2012

സൂര്യന്‍ ശക്‌തി നല്‍കിയില്ല, പട്ടിണി മരണം!


ലോകത്തെ വിസ്‌മയിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ത്യന്‍ ആത്മീയ മേഖലയില്‍ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഭക്ഷണവും വെളളവുമില്ലാതെ സൂര്യപ്രകാശത്തില്‍ നിന്നുളള ഊര്‍ജം കൊണ്ട്‌ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന രീതിയും ഇത്തരത്തില്‍ ഒരു ആത്മീയ വിസ്‌മയമാണ്‌. ഇത്‌ കാലകാലങ്ങളായി വിദേശികളെ ആകര്‍ഷിക്കുന്ന ഒരു സംഗതിയാണ്‌. അതിനാല്‍, പലരും ഇത്‌ പരീക്ഷിക്കാറുമുണ്ട്‌. എന്നാല്‍, ഈ രീതി പരീക്ഷിച്ച ഒരു സ്വിസ്‌ വനിതയുടെ അന്ത്യം അതിദാരുണമായിരുന്നു, അവര്‍ പട്ടിണികിടന്ന്‌ മരിച്ചു!

കൊല്ലപ്പെട്ട വനിതയുടെ ശരിക്കുളള പേര്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്നാ ഗട്ട്‌ എന്ന പേരിലാണ്‌ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചത്‌. മൈക്കല്‍ വെര്‍നര്‍ (62), പ്രഹ്‌ളാദ്‌ ജനി (84) എന്നിവരെ കുറിച്ചുളള ഒരു ഡോക്യുമെന്ററി കണ്ടതാണ്‌ അന്നയെ ആഹാരവും വെളളവും ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനു ശേഷം അവര്‍ എലന്‍ ഗ്രീവ്‌ ഈ വിഷയത്തില്‍ എഴുതിയ പുസ്‌തകം വായിക്കുകയും അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ചെയ്‌തു.

ആദ്യത്തെ ഒരാഴ്‌ച തുപ്പല്‍ പോലും ഇറക്കാതെ കഠിനമായ നിരാഹാരം. അടുത്ത രണ്ടാഴ്‌ച ദ്രവ രൂപത്തിലുളള ഭക്ഷണം മാത്രം കഴിച്ച അന്നയുടെ ശാരീരിക സ്‌ഥിതി വളരെ മോശമായിരുന്നു. ഇതില്‍ അവരുടെ മക്കള്‍ ആശങ്ക പ്രകടിപ്പിച്ചു എങ്കിലും ആരോഗ്യം തീരെ മോശമാവുകയാണെങ്കില്‍ താന്‍ പരീക്ഷണം അവസാനിപ്പിക്കാം എന്ന്‌ പറഞ്ഞ്‌ അവരെ മടക്കിയയച്ചു. എന്നാല്‍, ഒരു ദിവസം അവര്‍ ഫോണ്‍ കോളുകളോട്‌ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പരിഭ്രാന്തരായ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ അന്ന മരിച്ചു കിടക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌!

അന്ന മാതൃകയാക്കിയ പ്രഹ്‌ളാദ്‌ ജനി ഇന്ത്യന്‍ യോഗിയാണ്‌. ഇദ്ദേഹം കഴിഞ്ഞ 70 വര്‍ഷക്കാലമായി ഈശ്വരനില്‍ നിന്നുളള ഊര്‍ജം ഉപയോഗിച്ചാണ്‌ ജീവിക്കുന്നത്‌ എന്നാണ്‌ അവകാശപ്പെടുന്നത്‌. ഒരിക്കല്‍ ഇദ്ദേഹത്തെ പത്ത്‌ ദിവസത്തോളം വിദഗ്‌ധ ഡോക്‌ര്‍മാര്‍ നിരീക്ഷണത്തിന്‌ വിധേയനാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ല എന്ന്‌ മാത്രമല്ല വെളളം ഉപയോഗിച്ചത്‌ കുളിക്കുന്നതിനും വായ കഴുകുന്നതിനും വേണ്ടി മാത്രമായിരുന്നു! ഈ സമയത്ത്‌ അദ്ദേഹം മലമൂത്ര വിസര്‍ജനവും നടത്തിയിരുന്നില്ല.

ആഹാരമില്ലാതെ ജീവിക്കാനുളള കഴിവ്‌ തന്റെ പന്ത്രണ്ടാം വയസ്സില്‍ ഈശ്വരന്‍ നേരിട്ട്‌ തന്ന സിദ്ധിയാണെന്നാണ്‌ യോഗിയുടെ അവകാശവാദം.

No comments:

Post a Comment